ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 19,673 പുതിയ കൊവിഡ് കേസുകള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകളിലാണ് റെക്കോഡ് കൊവിഡ് രോഗബാധ നിരക്ക്. പുതിയ കേസുകള്‍ ഉള്‍പ്പടെ രാജ്യത്ത് ഇതോടെ 4,40,19,811 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
അതേസമയം, രോഗബാധിതരുടെ മുഴുവന്‍ എണ്ണത്തില്‍ 0.33 ശതമാനമായ 1,43,676 എണ്ണമാണ് ആക്‌റ്റീവ് കേസുകള്‍. രാജ്യത്തെ രോഗമുക്തി നിരക്ക് 98.48 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 19,336 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്. ഇതോടെ ആകെ മൊത്തമുള്ള രോഗമുക്തി നിരക്ക് 4,33,49,778 ആയി. കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കില്‍ ഇന്ന് 39 രേഖപ്പെടുത്തിയതോടെ ആകെ മരണങ്ങളുടെ എണ്ണം 5,26,357 ആയി.
Also Read: ഉയർന്ന രക്തസമ്മർദമുള്ളവരിൽ കൊവിഡ് ഗുരുതരമാകാൻ സാധ്യത: പഠനങ്ങൾ
കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 3,96,424 കൊവിഡ് ടെസ്‌റ്റാണ് നടത്തിയിട്ടുള്ളത്. ഇതിലെ പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനമാണ്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കില്‍ ഈ ആഴ്‌ചയിലെ പോസിറ്റിവിറ്റി നിരക്ക് 4.88 ശതമാനമാണ്. അതേസമയം, 204.25 കോടി ഡോസ് വാക്‌സിനാണ് രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന്‍റെ ഭാഗമായി ഇതുവരെ കുത്തിവയ്‌പ്പ് നടത്തിയിട്ടുള്ളത്. അവസാന 24 മണിക്കൂറില്‍ കുത്തിവയ്‌പ്പ് നടത്തിയത് 31,36,029 ഡോസ് വാക്‌സിനുകളുമാണ്.
Also Read: ഞരമ്പുകള്‍ പൊട്ടാം ; കൊവിഡ് തലച്ചോറിനെ ബാധിക്കുന്നത് എങ്ങനെ...?
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) കണക്കില്‍ ജൂലൈ 30 വരെ 87,52,07,621 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 3,96,424 സാമ്പിളുകളും പരിശോധിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കില്‍ 1,333 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തത്. 8.39 ശതമാനം എന്ന പോസിറ്റിവിറ്റി നിരക്കോടെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് ഇത്. അതേസമയം, കൊവിഡ് രോഗബാധിതരുടെ കണക്കില്‍ രാജ്യതലസ്ഥാനം തുടര്‍ച്ചയായ നാലാം ദിവസവും 1,000 ത്തിന് മുകളിലാണ്. ഡല്‍ഹി പോസിറ്റിവിറ്റി നിരക്കില്‍ അഞ്ചിന് മുകളിലെത്തുന്നത് തുടര്‍ച്ചയായ എട്ടാം ദിവസവുമാണ്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് പരിഗണിച്ച് പ്രായമായവരുടെയും, യുവാക്കളുടെയും വാക്‌സിനേഷന്‍റെ എണ്ണം ഈ വര്‍ഷം ജൂണോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം വര്‍ധിപ്പിച്ചിരുന്നു. ഇരുപത് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനും, 12 മുതല്‍ 17 വരെ പ്രായമുള്ളവരുടെ രണ്ടാം ഡോസ് വാക്‌സിനേഷനും വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല, കൊവിഡ് 19 ന്‍റെ ഭാഗമായി ജൂണ്‍ 9ന് കേന്ദ്രം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാനങ്ങളോട് ഉപദേശിക്കുകയും ചെയ്‌തു.