ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്കുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,333 പേർ കൊവിഡ് രോഗത്തിൽ നിന്ന് മുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 88,47,600 ആയി ഉയർന്നു.കൊവിഡ് രോഗ മുക്തരും സജീവ കേസുകളും തമ്മിലുള്ള അന്തരം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 88,47,600 പേരാണ് രാജ്യത്ത് രോഗമുക്തരായത്. നിലവിൽ ചികിത്സയിലുളള കേസുകളുടെ 19.8 ഇരട്ടിയാണിതെന്നും മന്ത്രാലയം അറിയിച്ചു.
കേരളം, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് കൊവിഡ് കേസുകളിൽ 78.31 ശതമാനവും. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,643 കേസുകളും മഹാരാഷ്ട്രയിൽ 5,544 കേസുകളും റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ ഞായറാഴ്ച 4,906 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് -19 നെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിട്ടു. മൊത്തം പരിശോധനകൾ 14 കോടി കടന്നിട്ടുണ്ട്. ഒരു ദിവസം 8,76,173 പരിശോധകൾ നടക്കുന്നു. ഇന്ത്യയുടെ പ്രതിദിന പരിശോധന ശേഷി 15 ലക്ഷമായി ഉയർന്നു.രാജ്യത്ത് രോഗമുക്തരായവരിൽ 76.94 ശതമാനവും ഡൽഹി, കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് മന്ത്രാലയം അറിയിച്ചു.
ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ മരണമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ (നിലവിൽ 99.4). റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ മരണങ്ങളിൽ 19.18 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. 85 പേർ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിൽ 68 പേർ മരിച്ചു. പശ്ചിമ ബംഗാളിൽ 54 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകൾ 94,31,691 ആയി ഉയർന്നു. ഇന്ന് 38,772 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ 1,37,139 ആയി ഉയർന്നു. 443 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.