ന്യൂഡൽഹി: ദരിദ്രർക്കും തൊഴിലാളികൾക്കും തെരുവ് കച്ചവടക്കാർക്കും കേന്ദ്രം ധനസഹായം നൽകണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര.
'കൊവിഡ് രാജ്യത്ത് ഭീകരത നിറക്കുമ്പോൾ സർക്കാരിന് ലോക്ക്ഡൗൺ പോലെയുള്ള കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് വ്യക്തമായിരുന്നുവെങ്കിലും അതിഥി തൊഴിലാളികൾ വീണ്ടും വിവേചനം നേരിടുകയാണ്. ഇത് സർക്കാരിന്‍റെ തന്ത്രമാണോ ? നയങ്ങൾ എല്ലാവരേയും പരിപാലിക്കുന്ന തരത്തിലുള്ളതായിരിക്കണം. ദരിദ്രർ, തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ എന്നിവർക്ക് ധനസഹായം ആവശ്യമാണ്. ദയവായി ഇത് ചെയ്യുക'- കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു.
അതിഥി തൊഴിലാളികൾ ജന്മനാടുകളിലേക്ക് മടങ്ങാനായി ആനന്ദ് വിഹാർ ബസ് ടെർമിനലിൽ കാത്തുനിൽക്കുന്ന ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചു. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രം പണം നിക്ഷേപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടു. ഡൽഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തി. രാജ്യത്ത് 24 മണിക്കൂറിനിടെ 2.73 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്.