മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍ അഞ്ച് ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 22 മുതല്‍ 27 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2.8 ലക്ഷം പരിശോധനകളാണ് ദിനം പ്രതി സംസ്ഥാനത്ത് നടത്തുന്നത്. 63.000ല്‍ നിന്നും രോഗബാധിതരുടെ എണ്ണം 61,000 ആയി കുറഞ്ഞു. നിലവിലെ രോഗമുക്തി നിരക്ക് 84.07 ശതമാനമാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വാക്സിന്‍ ക്ഷാമം കാരണം കഴിഞ്ഞ ദിവസം ചില വിതരണ കേന്ദ്രങ്ങള്‍ അടച്ചിരുന്നു. എന്നാല്‍ 9ലക്ഷം ഡോസ് വാക്സിന്‍ ഇന്ന് ലഭിച്ചതായും അത് രണ്ട് ദിവസത്തിനുള്ളില്‍ തീരുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനമാണിത്. നിലവിൽ രോഗവ്യാപനം തടയുന്നതിനായി മെയ് 15 വരെ കടുത്ത നിയന്ത്രണത്തിലാണ് സംസ്ഥാനം.
മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 48,621പേര്‍ക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. 59,500 പേരാണ് രോഗമുക്തരായത്. 567പേര്‍ മരിച്ചു. 6,56,870പേരാണ് ചികിത്സയിലുള്ളത്.