ന്യൂഡല്‍ഹി: രാജ്യത്ത് 6,050 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 203 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 28,303 ആയി ഉയര്‍ന്നു.
14 മരണമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്‌തത്. മഹാരാഷ്‌ട്രയിൽ മൂന്ന്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ രണ്ട് വീതം, കേരളം, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്‌മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതം എന്നിങ്ങനെയാണ് മരണം. ഇതോടെ മരണ സംഖ്യ 5,30,943 ആയി ഉയര്‍ന്നു.
ഇന്ത്യയിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനമായും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടി (4,47,45,104) ആണ്. മൊത്തം അണുബാധയുടെ 0.6 ശതമാനമാണ് സജീവ കേസുകള്‍.
രോഗം ഭേദമായവരുടെ എണ്ണം 4,41,85,858 ആയി ഉയർന്നപ്പോൾ കൊവിഡ് മരണനിരക്ക് 1.19 ശതമാനമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരം അനുസരിച്ച്, രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്.
അതേസമയം കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഓണ്‍ലൈന്‍ ആയി ചേരുന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെ രോഗ വ്യാപനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തും. തിങ്ങളാഴ്‌ച നടക്കുന്ന മോക് ഡ്രില്‍ ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
കേരളത്തിനൊപ്പം മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദിവസത്തിനിടെ എണ്ണൂറില്‍ അധികം ആളുകള്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് സര്‍ക്കാരിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഡല്‍ഹിയിലും ആഗ്ര, ലഖ്‌നൗ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സിക്കിമില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.
സംസ്ഥാനത്തെ കണക്കിലും ആശങ്ക: കേരളത്തില്‍ ഇന്നലെ 1912 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച 1025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 8229 ആയി ഉയരുകയുണ്ടായി.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് നിലവില്‍ പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ നിലവിലെ മാനദണ്ഡം അനുസരിച്ച് ഡബ്ല്യുജിഎസ് പരിശോധനക്ക് അയക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ ചികിത്സയ്‌ക്കായി പ്രത്യേക കിടക്കകള്‍ സജ്ജീകരിക്കാനും ചികിത്സയിലുള്ള രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ അതേ ആശുപത്രിയില്‍ തന്നെ തുടര്‍ ചികിത്സ ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം.