ലക്നൗ: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അടിയന്തര സേവനങ്ങൾ മാത്രമേ ഞായറാഴ്ച പ്രവർത്തിക്കുകയുള്ളു. സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കുന്നതിന്‍റെ ഭാഗമായി പിഴ തുക ഇരട്ടിയാക്കി. 1000 രൂപയാണ് ഇപ്പോള്‍ പിഴ ഈടാക്കുന്നത്. ഫൈന്‍ ലഭിച്ചതിന് ശേഷവും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ പിഴയുടെ പത്തിരട്ടി പണം നല്‍കേണ്ടി വരും.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 9,480 ആയി. 22,439 കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 7,66,360 ആയി.
വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കഴിഞ്ഞ വർഷം എംഎൽഎ വികസന ഫണ്ട് ഉപയോഗപ്രദമായിരുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഈ വര്‍ഷവും അത്തരത്തില്‍ ഫണ്ട് ഉപയോഗിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.