ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 9309 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരിയില്‍ തന്നെ ഇത് മൂന്നാം തവണയാണ് ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തില്‍ താഴെയാവുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,08,80,603 ആയി. 78 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് 1,55,447 ആയി ഉയര്‍ന്നു. അതേസമയം ദിവസേന 100 ല്‍ താഴെ മാത്രം മരണം സ്ഥിരീകരിക്കുന്നത് ഈ മാസം ഇത് എഴാം തവണയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒന്നര ലക്ഷത്തില്‍ താഴെ ആളുകളാണ് നിലവില്‍ രാജ്യത്തെ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇതുവരെ 1,05,89,230 പേര്‍ രാജ്യത്ത് കൊവിഡ് രോഗവിമുക്തി നേടി. നിലവില്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.32 ശതമാനമാണ്. മരണ നിരക്ക് 1.43 ശതമാനവുമാണ്. 1,35,926 പേര്‍ രാജ്യത്ത് ചികില്‍സയിലിരിക്കുകയാണ്. ഇത് മൊത്തം കേസുകളുടെ 1.25 ശതമാനമാണ്. ഐസിഎംആറിന്‍റെ കണക്ക് പ്രകാരം 20,47,89,784 സാമ്പിളുകളാണ് ഇന്നലെ വരെ രാജ്യത്ത് പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 7,65,944 സാമ്പിളുകളാണ് പരിശോധിച്ചത്.