മുംബൈ: കൊവിഡ് രണ്ടാം തരംഗത്തിനിടെ മഹാരാഷ്ട്രയിൽ രൂക്ഷമായ ഓക്സിജൻ ക്ഷാമത്തിന്‍റെ പശ്ചാത്തലത്തിൽ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ശനിയാഴ്ച 'ഓക്സിജൻ ഓൺ വീൽസ്' പദ്ധതി ആവിഷ്കരിച്ചു. .
ഇത് ഓക്സിജൻ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള താക്കോലാണ്. പ്രശ്നം ഓക്സിജൻ ഉൽപാദനമല്ല അവ ആശുപത്രികളിലേക്കും വീടുകളിലേക്കും എത്തിക്കുന്നതിലുള്ള ഗതാഗത സംവിധാനത്തിലാണ്. മഹീന്ദ്ര ലോജിസ്റ്റിക്സ് വഴി നടപ്പിലാക്കിയ" ഓക്സിജൻ ഓൺ വീൽസ് "എന്ന പദ്ധതി ഉപയോഗിച്ച് ഈ വിടവ് നികത്താൻ ശ്രമിക്കുമെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
ALSO READ: രാജ്യത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സ്ഥാപനമായി റിലയൻസ്
ഓക്സിജൻ ഉത്പാദകരെ ആശുപത്രികളുമായും വീടുകളുമായും ബന്ധിപ്പിക്കുന്നതിന് ഓക്സിജൻ ഓൺ വീൽസ് വഴി പ്രാദേശിക റൂട്ടുകളിൽ ട്രക്കുകൾ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെറും 48 മണിക്കൂറിനുള്ളിൽ മഹീന്ദ്ര ടീം 20 ബൊലേറോകളുമായി പൂനെയിലും ചക്കനിലും പദ്ധതി ആരംഭിച്ചതായും അടിയന്തര ആവശ്യമുള്ള 13 ആശുപത്രികളിൽ 61 ജംബോ സിലിണ്ടറുകൾ ഇതിനകം എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളിൽ മുംബൈ, താനെ, നാസിക്, നാഗ്‌പൂർ എന്നിവിടുങ്ങളിലേക്ക് 50-75 ബൊലേറോ പിക്കപ്പുകളിൽ ഓക്‌സിജൻ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ പദ്ധതി മഹാരാഷ്ട്രയിൽ ആരംഭിച്ചുവെങ്കിലും ഡീലർഷിപ്പ് ശൃംഖലകളുടെ പിന്തുണയെയും പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തെയും ആശ്രയിച്ച് രാജ്യത്തുടനീളം ഇത് വിപുലീകരിക്കുമെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു.