ന്യൂഡൽഹി: കോവാക്‌സിൻ ഉത്പാദനം സെപ്റ്റംബറോടെ 10 മടങ്ങ് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. റിമെഡെസിവിർ മരുന്നിന്‍റെ ഉത്പാദനം മെയ് മാസത്തോടെ ഇരിട്ടി ആകും. കൊവിഡിനെതിരെ പോരാടാൻ സംസ്ഥാനങ്ങൾക്ക് വേണ്ട അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും തടസം കൂടാതെ ഓക്‌സിജൻ എത്തിക്കാനും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മെയ്‌മാസത്തിൽ റിമെഡെസിവിറിന്‍റെ ഉത്പാദനം പ്രതിമാസം 74.1 ലക്ഷം ആയി ഉയർത്താനാണ് ലക്ഷ്യം. ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് 20 നിർമാണശാലകൾക്ക് അനുമതി നൽകിയിട്ടുണ്ട്. വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. റിമെഡെസിവിറിന്‍റെ കയറ്റുമതി നിരോധിച്ചെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Read More:കൊവിഡ് വ്യാപനം; വ്യവസായിക ഓക്സിജൻ വിതരണം സർക്കാർ നിരോധിച്ചു
രാജ്യത്തെ ഓക്‌സിജൻ ഉത്പാദനം പരമാവതി ഉയർത്തിയിട്ടുണ്ടെന്നും വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ കൂടി ആരോഗ്യമേഖലയിലേക്ക് ഉപയോഗിക്കാൻ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തുടനീളം 162 പിഎസ്‌എ ഓക്‌സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് അനുവാദം നൽകിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ലിക്വിഡ് മെഡിക്കൽ ഓക്‌സിജനും സിലിണ്ടറുകളും രാജ്യത്തുടനീളം എത്തിക്കുന്നതിനായി അടുത്ത ദിവസങ്ങളിൽ 'ഓക്‌സിജൻ എക്‌സ്പ്രസ്' ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയങ്ങൾക്ക് കീഴിലുള്ള ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ഇതുവരെ മഹാരാഷ്ട്രയ്ക്ക് 1,121 വെന്‍റിലേറ്ററുകളും ഉത്തർപ്രദേശിന് 1,700 ഉം ജാർഖണ്ഡിൽ 1,500 ഉം ഗുജറാത്തിന് 1,600 ഉം മധ്യപ്രദേശിന് 152 ഉം ഛത്തീസ്‌ഗഢിന് 230 ഉം വെന്‍റിലേറ്ററുകൾ നൽകിയിട്ടുണ്ട്. ചെറിയ സംസ്ഥാനങ്ങൾക്ക് ഓരോ ഏഴുദിവസം കൂടുമ്പോഴും വലിയ സംസ്ഥാനങ്ങൾക്ക് ഓരോ നാലുദിവസം കൂടുമ്പോഴും വാക്‌സിൻ വിതരണം നടത്തുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. ഞായറാഴ്‌ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത് 2.6 ലക്ഷം കൊവിഡ് കേസുകളാണ്. 16.69 ആണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.