ഹൈദരാബാദ്: ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിന്‍, രോഗലക്ഷണങ്ങളുള്ള കൊവിഡ് രോഗികളില്‍ 77.8 ശതമാനം ഫലപ്രദമെന്ന് പ്രമുഖ മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റിന്‍റെ പഠന റിപ്പോര്‍ട്ട്. കൊവാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് കൊവാക്‌സിന്‍റെ രണ്ട് ഡോസുകളും കൊവിഡ് രോഗികളില്‍ ഫലപ്രദമാണെന്നും വാക്‌സിന് കടുത്ത പ്രത്യാഘാതങ്ങളില്ലെന്നുമുള്ള കണ്ടെത്തല്‍.
പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവരില്‍ കൊവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഈയിടെയാണ് ലോകാര്യോഗ്യ സംഘടന നല്‍കിയത്. വാക്‌സിനെടുത്തവരില്‍ തലവേദന, പനി തുടങ്ങിയ പ്രത്യാഘാതങ്ങള്‍ ചെറുതാണെന്നും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് ഒരാഴ്‌ചക്കുള്ളിലാണ് ഇത് പ്രകടമാകുന്നതെന്നും പഠനം പറയുന്നു.
ഡെല്‍റ്റക്കെതിരെ ഫലപ്രദം
ഡെല്‍റ്റ വകഭേദത്തിനെതിരെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 65.2 ശതമാനം ഫലപ്രാപ്‌തി കാണിക്കുന്ന ഏക കൊവിഡ് വാക്‌സിനാണ് കൊവാക്‌സിനെന്ന് പഠനം പറയുന്നു. തീവ്രരോഗലക്ഷണങ്ങളുള്ളവരില്‍ 93.4 ശതമാനം വരെയാണ് വാക്‌സിന്‍ ഫലപ്രദം.
രോഗലക്ഷണങ്ങളില്ലാത്തവരില്‍ 63.6 ശതമാനവും സാര്‍സ്-കൊവ്-2, ബി.1.617.2 ഡെല്‍റ്റ വകഭേദങ്ങളുള്ളവരില്‍ 65.2 ശതമാനവുമാണ് വാക്‌സിന്‍റെ ഫലപ്രാപ്‌തി. സാര്‍സ്-കൊവ്-2 ന്‍റെ എല്ലാ വകഭേദങ്ങളില്‍ നിന്നും 70.8 ശതമാനം വരെ വാക്‌സിന്‍ സംരക്ഷണം നല്‍കുന്നുവെന്നും പഠനം ചൂണ്ടികാട്ടുന്നു.
നവംബര്‍ 16 മുതല്‍ ഈ വര്‍ഷം മെയ് 17 വരെയാണ് കൊവാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. വാക്‌സിന്‍ ഗ്രൂപ്പിലെ 8,471 പേരില്‍ 24 പോസിറ്റീവ് കേസുകളും പ്ലേസ്ബോ ഗ്രൂപ്പിലെ 8,502 പേരില്‍ 106 പോസിറ്റീവ് കേസുകളുമാണ് രേഖപ്പെടുത്തിയത്.
Read more: കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി