ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. 2009 മെയില്‍ ശിവഗംഗ പാര്‍ലമെന്‍ററി മണ്ഡലത്തില്‍ നിന്നുള്ള ചിദംബരത്തിന്‍റെ വിജയത്തെ ചോദ്യം ചെയ്‌താണ് എതിര്‍സ്ഥാനാര്‍ഥി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പിൽ ചിദംബരത്തിന്‍റെ വിജയം സാധുതയുള്ളതാണെന്ന് കോടതി വ്യക്തമാക്കി.
അന്നത്തെ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥി ആര്‍എസ് രാജ കണ്ണപ്പനായിരുന്നു ചിദംബരത്തിന്‍റെ എതിര്‍ സ്ഥാനാര്‍ഥി. 3354 വോട്ടിനാണ് അന്ന് ചിദംബരം വിജയിച്ചത്. നിലവില്‍ ഡിഎംകെയോടൊപ്പമാണ് രാജകണ്ണപ്പന്‍. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതില്‍ ചിദംബരത്തിന് പങ്കുണ്ടെന്നും കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള അധികാരം ദുര്‍വിനിയോഗം ചെയ്‌തുവെന്നുമാണ് രാജകണ്ണപ്പന്‍ ഹര്‍ജിയില്‍ ആരോപിച്ചത്. കേസിന്‍റെ ക്രോസ് വിസ്‌താരമടക്കം കഴിഞ്ഞ വര്‍ഷം ഒക്‌ബോര്‍ 12 ഓടെ അവസാനിച്ചിരുന്നു.
കേസില്‍ ഇന്ന് ജഡ്‌ജ് പുഷ്‌പ സത്യ നാരയണയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് വിജയം സാധുതയുള്ളതാണെന്ന് വിധിയില്‍ പറയുന്നു. ശിവഗംഗ മണ്ഡലത്തില്‍ നിന്ന് ആറ് തവണയാണ് വിജയം നേടി ചിദംബരം ലോക്‌സഭയിലെത്തിയത്. നിലവില്‍ ശിവഗംഗയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമാണ് അദ്ദേഹത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് കാര്‍ത്തി ചിദംബരം ശിവഗംഗയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.