ഹുബ്ലി : ബന്ധം വേര്‍പെടുത്തി 52 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കലഘടഗി താലൂക്കിലെ ജിന്നൂർ ഗ്രാമ വാസികളായ സപ്പ അഗാഡിയും ഭാര്യ കല്ലവ അഗാഡിയും. ധാർവാഡ് ജില്ലയിലെ ദിവാനി കുടുംബ കോടതിയാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിക്കാന്‍ വഴി തുറന്നത്.
അടുത്തിടെയാണ് ഭര്‍ത്താവിനെതിരെ 80 കാരിയായ കല്ലവ അഗാഡി (80) പരാതി നല്‍കിയത്. ഭര്‍ത്താവായിരുന്ന ബസപ്പ അഗാഡി (85) ജീവനാംശം തരുന്നില്ലെന്ന് കാണിച്ചായിരുന്നു ഇത്. കേസ് പരിഗണിച്ച ജഡ്ജി ജി ആര്‍ ഷട്ടര്‍, മൈസൂരു ലീഗല്‍ സര്‍വീസ് അതോറിറ്റി നടത്തുന്ന ദേശീയ ലോക് അദാലത്തിലേക്ക് കേസ് കൈമാറി.
52 വര്‍ഷമായി പിരിഞ്ഞ് ജീവിക്കുകയാണ് ഇരുവരും. അന്നുമുതല്‍ ബസപ്പ കല്ലവക്ക് ജീവനാംശം അയച്ച് നല്‍കാറുണ്ട്. എന്നാല്‍ കുറച്ച് മാസങ്ങളായി ഇത് മുടങ്ങി. ഇതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇരുവരേയും വിളിപ്പിച്ച കോടതി, ഒറ്റയ്ക്ക് സംസാരിച്ചു.
മനസുതുറന്നപ്പോള്‍ മൂടിവച്ച സ്നേഹവും മറനീക്കി പുറത്തുവന്നു. കല്ലവയെ കൂടെ കൂട്ടാന്‍ ബസപ്പയും കൂടെ പോകാന്‍ കല്ലവയും തയ്യാറായി. ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ആദ്യ ദമ്പതികളല്ല ഇരുവരും. അടുത്തിടെ അദാലത്തില്‍ എത്തിയ 38 ഓളം ദമ്പതികളെയാണ് അധികൃതര്‍ ഒന്നിപ്പിച്ചത്.
മൈസൂര്‍ സിറ്റി താലൂക്ക് കുടുംബ കോടതിയില്‍ 1,50,633 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 70,281 കേസുകള്‍ ഒത്തുതീര്‍പ്പാക്കി. 52,695 കേസുകളില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നു. 75,562 കേസുകള്‍ ഇതിനകം പരിഹാര നടപടികള്‍ പുരോഗമിക്കുകയുമാണെന്നും അധികൃതര്‍ പറഞ്ഞു.