ഡൽഹി : മകന്‍ മരിച്ചതോടെ മകൾക്ക് രാഖി കെട്ടാൻ തെരുവിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയിരുന്ന ആണ്‍കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ (Couple Kidnap One Month Old Baby). ഡൽഹി കോത്തവാലി പരിസരത്ത് ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്. തെരുവിൽ അച്ഛനും അമ്മയ്‌ക്കുമൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് വെളുപ്പിന് മൂന്ന് മണിക്ക് ദമ്പതികൾ തട്ടിയെടുത്തത്.
പൊലീസിന്‍റെ കൂടുതൽ ചോദ്യം ചെയ്യലിനെ തുടർന്നാണ് കുഞ്ഞിനെ തട്ടികൊണ്ടു പോകാൻ കാരണമെന്താണെന്ന് ദമ്പതികൾ വിശദീകരിച്ചത്. കഴിഞ്ഞ വർഷം ടെറസിൽ നിന്ന് വീണ് മരിച്ച മകന് പകരം, മകൾക്കു രാഖി കെട്ടാനായി വെറൊരു കുഞ്ഞിനു വേണ്ടിയാണ് കുട്ടിയെ തട്ടിയെടുത്തതെന്നും മകൻ മരിച്ചത് മകൾ അറിഞ്ഞിട്ടില്ല എന്നും ദമ്പതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. മകളെ മരണം അറിയിക്കാതെ ഇരിക്കാനാണ് വെറൊരു കുഞ്ഞിനെ തട്ടിയെടുക്കാൻ ഇവർ തുനിഞ്ഞെതെന്ന് പൊലീസ് പറയുന്നു.
മകൾക്കു വേണ്ടി ഒരു ആണ്‍കുഞ്ഞിനെ തട്ടിയെടുക്കാനായി അവർ പദ്ധതിയിട്ടു. പദ്ധതി പ്രകാരം തെരുവിൽ ഉറങ്ങുന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ അവർ തട്ടിയെടുക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരിസര പ്രദേശങ്ങളിൽ തെരഞ്ഞു. ഫലമില്ലാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പൊലീസ് സി.സി.ടിവി ക്യാമറ പരിശോധിച്ച് കുഞ്ഞിനെ ദമ്പതികൾ തട്ടിക്കൊണ്ടു പോകുന്നത് കണ്ടെത്തുകയായിരുന്നു. സി.സി.ടിവി ക്യാമറയിൽ ബൈക്കിലെത്തിയ ദമ്പതികൾ കുഞ്ഞിനെ എടുത്തു കൊണ്ടു പോകുന്നതായി പതിഞ്ഞിരുന്നു. തുടര്‍ന്ന് ബൈക്കിന്‍റെ നമ്പർ ഉപയോഗിച്ച് പൊലീസ് ദമ്പതികളെ കണ്ടെത്തുകയായിരുന്നു.
ഡിസിപി സാഗർ സിങ് കലാസിയാണ് (DCP sagar Singh kalasy) അന്വേഷണത്തിന് നേതൃത്വം നൽകിയത്. കുഞ്ഞിന് പരിക്കുകൾ ഒന്നും തന്നെയില്ലാത്തതിനാൽ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കുഞ്ഞിന്‍റെ മാതാപിതാക്കളുടെ രേഖാമൂലമുള്ള പരാതിയുള്ളതിനാൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. കേസിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അടുത്തിടെ ടീച്ചറുടെ ശകാരത്തിൽ നിന്ന് രക്ഷപ്പെടാൻ തന്നെ തട്ടിക്കൊണ്ടുപോയതായി സ്വയം കഥ മെനഞ്ഞ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വാര്‍ത്ത പുറത്തുവന്നിരുന്നു. ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂർ ജില്ലയിലാണ് സംഭവം. കോട് കഹ്‌ലൂർ സ്വദേശിയായ കുട്ടിയാണ് തന്‍റെ 'വ്യാജ' തട്ടിക്കൊണ്ടുപോകലിന്‍റെ കഥ മാതാപിതാക്കളോട് വിവരിച്ചത്. ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ തന്നെ എന്തോ മണപ്പിച്ച് ബോധം കെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും പിന്നീട് ബോധം വന്നപ്പോൾ താൻ റോഡിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ടുകിടക്കുകയായിരുന്നു എന്നുമാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്.
തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കുട്ടി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തുകയും ആളുകളുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്‌തെങ്കിലും തട്ടിക്കൊണ്ടുപോയതിന്‍റെ ലക്ഷണങ്ങളോ തെളിവുകളോ പൊലീസിന് ലഭിച്ചില്ല. പിന്നീട് കുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് ഹോംവർക്ക് ചെയ്യാത്തതിനാൽ അധ്യാപകന്‍റെ ശകാരത്തിൽ നിന്ന് രക്ഷപ്പെടാൻ താൻ തന്നെ ഉണ്ടാക്കിയ ഒരു കഥയാണിതെന്ന് കുട്ടി സമ്മതിച്ചത്. എന്നാൽ, പൊലീസ് കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണെന്ന് ഡിഎസ്‌പി പറഞ്ഞു.