ദുർഗ് (ഛത്തീസ്‌ഗഡ്): ഓടുന്ന ബൈക്കിൽ സ്നേഹപ്രകടനം നടത്തിയ യുവാവും യുവതിയും അറസ്‌റ്റിൽ. ഛത്തീസ്‌ഗഡിലെ ദുർഗിലാണ് സംഭവം. യുവാവും യുവതിയും ബൈക്കിൽ പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ തരത്തിലുള്ള വിമർശനമാണ് ഉയർന്നത്.
ഇതിന് പിന്നാലെ പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. യുവാവ് ബൈക്ക് ഓടിക്കുമ്പോൾ യുവതി എതിർ വശത്തിരുന്ന് ആലിംഗനം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. വാഹനം ഓടിക്കുന്ന യുവാവിന് അഭിമുഖമായി പെട്രോൾ ടാങ്കിലാണ് യുവതി ഇരിക്കുന്നത്.
അശ്രദ്ധമായി വാഹനമോടിക്കുകയും അശ്ലീലദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ഇവരുടെ വീഡിയോ വൈറലായതോടെ പൊലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. ഇരുവരെയും അറസ്‌റ്റ് ചെയ്‌തതായി പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മോഷ്‌ടിച്ചതാണെന്ന് കണ്ടെത്തി. ബൈക്കുമായി ബന്ധപ്പെട്ട രേഖകളൊന്നും കൈവശമില്ലെന്നും പൊലീസ് പറഞ്ഞു.
ബൈക്കിന് രജിസ്‌ട്രേഷന്‍ പ്ലേറ്റ് പോലും ഇല്ലായിരുന്നു. അന്വേഷണത്തില്‍ ബൈക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഗ്രാമത്തില്‍ നിന്ന് മോഷ്‌ടിച്ചതാണെന്ന് കണ്ടെത്തി. ബൈക്കിന്‍റെ വിപണി വില 1.50 ലക്ഷം രൂപയാണെങ്കിലും 9,000 രൂപയ്ക്കാണ് പ്രതികള്‍ വാങ്ങിയത്. രേഖകളൊന്നുമില്ലാത്ത ബൈക്ക് പിടിച്ചെടുത്തതായും എസ്‌പി അഭിഷേക് പല്ലവ് പറഞ്ഞു.