ന്യൂഡൽഹി: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിനുപിന്നാലെ ആംആദ്‌മി പാര്‍ട്ടിയിലേക്ക് ചേക്കേറിയ രണ്ട് കൗണ്‍സിലര്‍മാര്‍ തിരിച്ചെത്തിയതായി കോണ്‍ഗ്രസ്. ഡല്‍ഹി മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ (എംസിഡി) ഭരണം എഎപി പിടിച്ചതിനുപിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ ഡല്‍ഹി ഉപാധ്യക്ഷനും ജനപ്രതിനിധികളും പാര്‍ട്ടിവിട്ടത്. ഡല്‍ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) അധ്യക്ഷൻ അനിൽ കുമാറാണ് ഇവര്‍ തിരിച്ചെത്തിയത് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്.
ALSO READ| ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ ഉപാധ്യക്ഷനും രണ്ട് കൗണ്‍സിലര്‍മാരും ആപ്പില്‍ ചേര്‍ന്നു
പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ അലി മെഹ്ദിയും രണ്ട് കൗൺസിലർമാരും ഡിസംബര്‍ എട്ടിന് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്നലെയായിരുന്നു എഎപിയില്‍ ചേര്‍ന്നത്. എന്നാല്‍, ഇവര്‍ തെറ്റ് ഏറ്റുപറഞ്ഞ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി എന്നാണ് അനില്‍ കുമാര്‍ വ്യക്തമാക്കിയത്. ഡിസംബർ ഒന്‍പതിന് എംസിഡി തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിലെ മുസ്‌തഫബാദ് വാർഡിൽ നിന്നുള്ള സബീല ബീഗം, ബ്രിജ്‌പുരി വാർഡിൽ നിന്നുള്ള നാസിയ ഖാട്ടൂണ്‍ എന്നീ കൗണ്‍സിലര്‍മാരാണ് മെഹ്ദിക്കൊപ്പം എഎപിയിൽ ചേർന്നിരുന്നത്.
അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്‍റെ മന്ത്രിമാരും വൃത്തികെട്ട രാഷ്‌ട്രീയമാണ് നടത്തുന്നതെന്ന് മെഹ്ദിയുടേയും രണ്ട് കൗൺസിലർമാരുടെയും സാന്നിധ്യത്തിൽ സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു. എംസിഡി തെരഞ്ഞെടുപ്പിൽ ഒന്‍പത് സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ആകെയുള്ള 250 സീറ്റുകളില്‍ 134 ഇടത്താണ് എഎപിയുടെ വിജയം. 100 വാര്‍ഡുകളില്‍ മാത്രമാണ് ഭരണകക്ഷിയായ ബിജെപിയ്‌ക്ക് വിജയക്കൊടി പാറിക്കാനായത്.