മുംബൈ: ഇന്ത്യയിൽ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചുവെന്നും ഇത്തരത്തിലുള്ള കേസുകൾ അമരാവതിയിലും യവത്‌മാലിലും കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ. മഹാരാഷ്‌ട്ര കൊറോണ ടാസ്‌ക് ഫോഴ്‌സ് അംഗമായ ശശാങ്ക് ജോഷിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജനിതകമാറ്റം വന്ന വൈറസ് പടരാനുള്ള സാധ്യതകൾ കൂടുതലാണെന്നും ഭയപ്പെടാതെ കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ജനിതക മാറ്റം സംഭവിച്ച കൊവിഡ് വകഭേദമായ ഇ384കെ അമരാവതിയിലും അഖോലയിലുമാണ് റിപ്പോർട്ട് ചെയ്‌തത്. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകളിലാണ് ജനിതകമാറ്റം വന്ന കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഈ വകഭേദം ബ്രിട്ടൺ, ആഫ്രിക്ക, ബ്രസിൽ തുടങ്ങിയ വിദേശരാജ്യങ്ങൾ റിപ്പോർട്ട് ചെയ്‌ത ജനിതകമാറ്റം വന്ന കൊവിഡ് കേസുകൾ അല്ലെന്നും ഇന്ത്യൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസിന്‍റെ വകഭേദമാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
ലോകത്താകമാനം കൊറോണ വൈറസിന് 5000 വകഭേദങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വൈറസിന് തുടർച്ചയായി ജനിതകഘടനയിൽ മാറ്റം സംഭവിക്കുന്നുണ്ടെന്നും രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി ചികിത്സിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.