ഹൈദരാബാദ്: കൊവിഡ് വാക്സിന്‍ നിർമാണത്തിന് 'ഓയില്‍' നല്‍കാമെന്ന് പറഞ്ഞ് ഹൈദരാബാദ് സ്വദേശിയുടെ 11 കോടി എണ്‍പത് ലക്ഷം കവര്‍ന്ന കേസ് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ അന്വേഷിക്കുന്നു. നൈജീരിയന്‍ സ്വദേശികളാണ് അമേരിക്കയില്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ ചന്ദ്രശേഖരനെ കബളിപ്പിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാല് മാസം മുമ്പ് ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇപ്പോൾ എഫ്‌ബിഐ അന്വേഷിക്കുന്നത്.
പ്രതികള്‍ ഡോക്ടര്‍ക്ക് പണം നല്‍കിയത് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് അമേരിക്ക മുഖേനയാണ്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാന്‍ എഫ്.ബി.ഐ തയ്യാറായത്. അന്വേഷണം ഏറ്റെടുത്തതിന് തൊട്ട്പിന്നാലെ വിവിധ അക്കൗണ്ടുകളിലായി ഒരു കോടി എണ്‍പത് ലക്ഷം രൂപ എഫ്.ബി.ഐ മരവിപ്പിച്ചു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളും കേസ് അന്വേഷിച്ച് വരികയാണ്.
ALSO READ:ഡാൾഡയുടെ മറവിൽ മദ്യം കടത്ത്; 52 കുപ്പി പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു
അമേരിക്കയിലെ സെന്‍റ് ലൂസിയാനയില്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ഡോ ചന്ദ്രശേഖർ വർഷത്തില്‍ ഒരിക്കലാണ് സ്വദേശമായ ഹൈദരാബാദില്‍ എത്താറുള്ളത്. കഴിഞ്ഞ മാർച്ചിലാണ് പ്രതികൾ ഫേസ്‌ബുക്ക് വഴി ചന്ദ്രശേഖറുമായി പരിചയപ്പെട്ടത്. ഗവേഷണ വിദ്യാര്‍ഥിനി ഗീത നാരായണ്‍ എന്ന് പറഞ്ഞാണ് ഒരാള്‍ ആദ്യം ചന്ദ്രശേഖറിനെ പരിചയപ്പെടുന്നത്.
തട്ടിപ്പിന്‍റെ ഫേസ് ബുക്ക് വഴി
കൊവിഡ് വാക്‌സിൻ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഓയില്‍ ഇന്ത്യയില്‍ ലഭ്യമാണെന്നും അത് ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി ഫാര്‍മ കമ്പനികള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഗീത നാരായണ്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ യുവതി ഫേസ്ബുക്കിലൂടെ ചന്ദ്രശേഖറിന് സന്ദേശമയച്ചു. ചില കമ്പനികളുടെ പേരും പ്രതികൾ ചന്ദ്രശേഖറിന് നല്‍കി.
മറ്റൊരാള്‍ ബെഞ്ചമിന്‍ എന്ന പേരിലാണ് ചന്ദ്രശേഖറിനെ പരിചയപ്പെട്ടത്. നോര്‍മാന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പര്‍ച്ചേസിങ് ഓഫീസറാണ് താന്‍ എന്നാണ് ഇയാള്‍ പറഞ്ഞത്. മറ്റൊരു പ്രതി പരിചയപ്പെടുത്തിയത് ലക്ഷ്മി എന്ന പേരിലാണ്. മഹാരാഷ്ട്രയിലെ റായിഗഡിലുള്ള കൊവിഡ് വാക്സിന്‍ ഓയില്‍ നിര്‍മ്മാതാവാണ് താന്‍ എന്നാണ് ലക്ഷ്മി ചന്ദ്രശേഖറിനോട് പറഞ്ഞത്.
പ്രതികള്‍ പറഞ്ഞ കാര്യങ്ങളൊക്കെ ഡോ.ചന്ദ്രശേഖര്‍ വിശ്വസിക്കുകയായിരുന്നു. റായിഗഡില്‍ ലക്ഷ്മി നടത്തുന്ന കമ്പനി ഈ 'ഓയില്‍' അമേരിക്കയിലേക്ക് അയക്കുമെന്ന് ബെഞ്ചമിന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ ചന്ദ്രശേഖറിനോട് വ്യക്തമാക്കി. ഇത് വിശ്വസിച്ച് അമേരിക്കയില്‍ ലൂസിയാനയില്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ചന്ദ്രശേഖര്‍ ഈ ഓയില്‍ വാങ്ങാനായി പണം നല്‍കുകയായിരുന്നു.
ചന്ദ്രശേഖറിനെ വിശ്വസിപ്പിക്കാനായി ഓയില്‍ ബോട്ടിലിലാക്കുന്നതിന്‍റെ വീഡിയോയും കാണിച്ചു. ഒടുവില്‍ ഇന്ത്യയില്‍ നിന്നുള്ള തുറമുഖങ്ങളില്‍ ഓയില്‍ കയറ്റുമതി സംബന്ധിച്ച് ചന്ദ്രശേഖർ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ചന്ദ്രശേഖറിന് ഈ പ്രതികള്‍ അയച്ച ഇ മെയില്‍ പരിശോധിച്ചപ്പോള്‍ മനസിലായത് ഐ.പി അഡ്രസുകള്‍ ദുബായിലുള്ളതാണ് എന്നാണ്.
ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ എഫ്ബിഐയുമായി സഹകരിച്ച് പ്രതികളെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ്.