മംഗളൂരു: ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നിർബന്ധപൂർവം ആർടിപിസിആർ പരിശോധന നടത്തി ആരോഗ്യപ്രവർത്തകർ. മംഗലാപുരം വിമാനത്താവളത്തിലാണ് സംഭവം. ബോളാർ സ്വദേശികളായ ദമ്പതികൾ ദുബായിൽ നിന്ന് എത്തുകയും കുഞ്ഞിന് ആർടിപിസിആർ പരിശോധന നടത്തുവാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ നിർബന്ധപൂർവം ആരോഗ്യപ്രവർത്തകർ കുഞ്ഞിന് ആർടിപിസിആർ പരിശോധന നടത്തി. തുടർന്ന് ആരോഗ്യ പ്രവർത്തകർക്കെതിരെ കുഞ്ഞിന്‍റെ മാതാപിതാക്കൾ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥന് പരാതി നൽകുകയായിരുന്നു.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ പരിശോധന നടത്താൻ കഴിയില്ലെന്നും മാംഗ്ലൂര്‍ വിമാനത്താവളത്തിലെ ആരോഗ്യ പ്രവർത്തകർ വിവരക്കുറവ് കാരണം പരിശോധന നടത്തിയതാണെന്നും ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥന്‍ ഡോ.രാമചന്ദ്ര ബയാരി പറഞ്ഞു. മാതാപിതാക്കൾ ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്നും വേണ്ട നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.