റായ്‌പൂർ: ഛത്തീസ്‌ഗഢിലെ കൊവിഡ് ആശുപത്രിയിൽ ആവശ്യത്തിന് കിടക്കകളും സൗകര്യങ്ങളുമില്ലാതെ കൊവിഡ് രോഗികൾ ദുരിതത്തിൽ. ഛത്തീസ്‌ഗഢിലെ മഹാസമുണ്ട് ആശുപത്രിയിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആശുപത്രിയിൽ ഒഴിഞ്ഞ കിടക്കകളില്ലാത്തതിനാൽ കൊവിഡ് ബാധിച്ച യുവാവ് മൂന്ന് മണിക്കൂറിലധികം ഓക്‌സിജൻ സിലിണ്ടറുമായി കസേരയിൽ ഇരിക്കുന്ന ദൃശ്യങ്ങളാണ് വൈറൽ ആകുന്നത്.
കൊവിഡ് രോഗബാധിതനായ മഹാസമുണ്ട സ്വദേശി ശ്വാസതടസം മൂലം ജില്ലാ ആശുപത്രിയിൽ എത്തുകയായിരുന്നു. കിടക്കകൾ ഇല്ലാത്തതിനാൽ യുവാവിനെ ആശുപത്രി പരിസരത്ത് തന്നെ ഓക്‌സിജൻ നൽകി കസേരയിൽ ഇരുത്തുകയും ചെയ്‌തു. ഈ ദൃശ്യം മറ്റാരോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെ യുവാവിന് ചികിത്സ ഒരുക്കി. യുദ്ധകാല അടിസ്ഥാനത്തിൽ 30 കിടക്കകൾ അടങ്ങിയ അധിക വാർഡ് ക്രമീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ ആശുപത്രിയുടെ ദയനീയാവസ്ഥ പരിഗണിച്ച് ആവശ്യമായ നടപടിയെടുക്കാൻ അധികൃതർക്ക് പാർലമെൻ്ററി സെക്രട്ടറി നിർദേശം നൽകിയിരുന്നു.