ലക്‌നൗ : കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി ആക്ഷേപിച്ച് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. രാഹുൽ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം നഷ്‌ടപ്പെടാൻ കാരണം അദ്ദേഹത്തിന്‍റെ അഭിഭാഷകനാണെന്ന് പറഞ്ഞ സാധ്വി പ്രാചി, കുട്ടി മന്ദബുദ്ധിയാണെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നെങ്കിൽ രാഹുലിന്‍റെ അംഗത്വം നഷ്‌ടമാകില്ലെന്നും പരിഹസിച്ചു. രാഹുൽ ഗാന്ധിയെ കൂടാതെ ആതിഖ് അഹമ്മദിനെയും സാധ്വി പ്രാചി അധിക്ഷേപിച്ചു.
ആതിഖ് നിലവിൽ തന്‍റെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കുകയാണെന്നും ആതിഖ് അഹമ്മദിനെതിരെ യുപി പൊലീസ് കുരുക്ക് മുറുക്കികൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. അഹമ്മദാബാദിലെ സബർമതി ജയിലിൽ നിന്നാണ് മാഫിയ അതിഖ് അഹമ്മദിനെ പ്രയാഗ്‌രാജിലെത്തിച്ചത്. ഉമേഷ് പാൽ വധക്കേസിലും ആതിഖിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്.
രാമഭക്തർക്ക് നേരെ സ്വന്തം പാർട്ടിക്കാർ വെടിയുതിർത്തത് അഖിലേഷ് യാദവ് ഓർക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ സാധ്വി പ്രാചി പറഞ്ഞു. ഞങ്ങൾ സനാതന ധർമത്തിനായി ജനിച്ചവരാണെന്നും സ്വന്തം മതത്തെ ഒറ്റുകൊടുക്കില്ലെന്നും പറഞ്ഞ സാധ്വി പ്രാചി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിഷയത്തിൽ വ്യക്തമായ മറുപടി നൽകിയില്ല. അതേസമയം പാർട്ടിയും സംഘടനയും നൽകുന്ന ഉത്തരവ് അനുസരിക്കുമെന്നും അവർ പറഞ്ഞു.