ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഗുണ ജില്ലയിലെ റോഡിന്‍റെ പേര് മാറ്റിയതിൽ പ്രകോപിതരായ ജനങ്ങള്‍ ഇൻഡോറിൽ ബിജെപി രാജ്യസഭാ എംപി ജ്യോതിരാദിത്യ സിന്ധ്യക്കെതിരായി പോസ്റ്റര്‍ സ്ഥാപിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് സ്ഥലത്ത് നിന്നും നീക്കി. പോസ്റ്റര്‍ പിന്നീട് പൊലീസ് ഇടപെട്ട് നീക്കം ചെയ്തു. സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
പതിനെട്ടാം നൂറ്റാണ്ടിലെ മാൽവ സാമ്രാജ്യത്തിലെ ഒരു പ്രധാന ഭരണാധികാരി അഹല്യാബായ് ഹോൾക്കറുടെ പിന്തുണക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾ റോഡിന് മുന്‍പ് അവരുടെ പേരാണ് നൽകിയിരുന്നത്. എന്നാല്‍ ഗുണ ജില്ലാ ഭരണകൂടം അത് നിരസിക്കുകയായിരുന്നു. ഭരണകൂടം റോഡിന് സ്വാതന്ത്ര്യസമര സേനാനിയായ അന്തരിച്ച സാഗർ സിംഗ് സിസോഡിയയുടെ പേരാണ് നൽകിയത്. മന്ത്രി മഹേന്ദ്ര സിങ് സിസോഡിയയുടെ മുത്തച്ഛനാണ് സാഗർ സിംഗ് സിസോഡിയ.
മഹേന്ദ്ര സിസോഡിയ സിന്ധ്യയുടെ വിശ്വസ്തനാണ്. കഴിഞ്ഞ മാർച്ചിൽ ബിജെപിയിൽ ചേരാൻ കോൺഗ്രസ് വിട്ട രണ്ട് ഡസനോളം എംഎൽഎമാരിൽ ഒരാളാണ് മഹേന്ദ്ര സിങ് സിസോഡിയ. റോഡിന്‍റെ പുനര്‍നാമകരണ പരിപാടി കഴിഞ്ഞ് ദിവസങ്ങൾക്കകം ചില പ്രതിഷേധക്കാർ സിന്ധ്യക്കെതിരായ പോസ്റ്റർ പതിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.