സോലാപൂർ (മഹാരാഷ്‌ട്ര): കൈകാലുകള്‍ കെട്ടിയിട്ട് തൊഴിലാളികളെ മര്‍ദിച്ച നാലു പേര്‍ക്കെതിരെ കേസ്. മഹാരാഷ്‌ട്രയിലെ സോലാപൂർ മാധ താലൂക്കിലെ ഭൂതാഷ്ടെ ഗ്രാമത്തിൽ ആണ് സംഭവം. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വികാസ് നായിക്‌വാഡെ, സേവക് കസ്‌ബെ എന്നിവര്‍ക്കാണ് കരാറുകാരന്‍റെയും സുഹൃത്തുക്കളുടെയും മര്‍ദനം ഏറ്റത്.
സംഭവത്തെ തുടര്‍ന്ന് വികാസ് നായിക്‌വാഡെയുടെ ഭാര്യ സൊണാലി നായിക്‌വാഡെയുടെ പരാതിയെ തുടര്‍ന്ന് കരാറുകാരന്‍ ബാലാജി മോറിനും സുഹൃത്ത് ഭാൽചന്ദ്ര അനന്ത് യാദവിനും മറ്റു രണ്ടുപേര്‍ക്കും എതിരെ മാധ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ഓഗസ്റ്റ് 17നായിരുന്നു സംഭവം. ബാലാജി മോറും സംഘവും ചേര്‍ന്ന് വികാസിനെയും സേവകിനെയും ബന്ധിയാക്കിയ ശേഷം മര്‍ദിക്കുകയായിരുന്നു.
മുഖത്ത് അടിക്കുകയും കയര്‍ കൊണ്ട് പുറത്ത് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ബാലാജി മോറിന്‍റെ പക്കല്‍ നിന്ന് പണിയെടുത്തതിന്‍റെ കൂലി വാങ്ങാനായി പോയതായിരുന്നു വികാസും സേവകും. ഏറെ നേരം കഴിഞ്ഞിട്ടും ഇവര്‍ മടങ്ങിയെത്തിയില്ല.
ഇതിനിടെ സമീപവാസി സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയുമായി വികാസിന്‍റെ ഭാര്യ സൊണാലിയുടെ അടുത്തെത്തി വിവരം അറിയിച്ചു. ഭര്‍ത്താവിനും സുഹൃത്തിനും മര്‍ദനം ഏല്‍ക്കുന്ന വീഡിയോ കണ്ട സൊണാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.