ഷില്ലോങ് : മേഘാലയയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമം. കോണ്‍റാഡ് സാങ്‌മയുടെ നേതൃത്വത്തില്‍ എന്‍പിപി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് യുഡിപിയും (യുണൈറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടി) പിഡിഎഫും (പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട്) കോണ്‍റാഡ് സാങ്‌മയ്‌ക്ക് പിന്തുണ അറിയിച്ചു.
ഇക്കാര്യം വ്യക്തമാക്കി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സാങ്മയ്‌ക്ക് കത്തയച്ചതോടെയാണ് മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചത്. യുഡിപിയും പിഡിഎഫും പിന്തുണച്ചതോടെ സാങ്‌മയ്‌ക്ക് 45 സീറ്റിന്‍റെ പിന്‍ബലമായി. എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
മാര്‍ച്ച് 2നാണ് മേഘാലയ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 26 സീറ്റുകളാണ് തെരഞ്ഞെടുപ്പില്‍ എന്‍പിപി നേടിയത്. കേവല ഭൂരിപക്ഷത്തിന് 31സീറ്റുകള്‍ വേണമെന്നിരിക്കെ സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍പിപിയുടെ 26 സീറ്റുകള്‍ പര്യാപ്‌തമായിരുന്നില്ല. പിന്നാലെ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ഇല്ലാത്ത മേഘാലയയില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ചോദ്യം ഉയര്‍ന്നു.
സാങ്‌മയെ കൈവിട്ട് എച്ച്എസ്‌പിഡിപി : നേരത്തെ തനിക്ക് 32 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് കോണ്‍റാഡ് സാങ്‌മ പ്രഖ്യാപിച്ചിരുന്നു. രണ്ട് ബിജെപി എംഎല്‍എമാര്‍, എച്ച്എസ്‌പിഡിപിയുടെ രണ്ട് എംഎല്‍എമാര്‍, രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരായിരുന്നു സാങ്‌മയെ പിന്തുണച്ചത്. സാങ്മ തന്നെ ഇക്കാര്യം ഗവര്‍ണറെ അറിയിക്കുകയും ചെയ്‌തു.
എന്നാല്‍ പിന്നാലെയായിരുന്നു സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാക്കിയ ട്വിസ്റ്റ് സംഭവിച്ചത്. എന്‍പിപിയ്‌ക്ക് പിന്തുണ അറിയിച്ചിരുന്ന എച്ച്എസ്‌പിഡിപി (ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി) അത് പിന്‍വലിച്ചു. ഇതോടെ എന്‍പിപിയ്‌ക്ക് കേവല ഭൂരിപക്ഷം നഷ്‌ടമായി. തുടര്‍ന്നാണ് എന്‍പിപിയെ പിന്തുണച്ച് യുഡിപിയും പിഡിഎഫും രംഗത്ത് വന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ കരുക്കള്‍ നീക്കി തൃണമൂല്‍ : ഇതിനിടയില്‍ മുകുള്‍ സാങ്‌മയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ യുഡിപിയും പിഡിഎഫും ഇന്നലെ പിന്തുണ അറിയിച്ചതോടെ സാങ്മയ്‌ക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി ഒരുങ്ങി. തെരഞ്ഞെടുപ്പില്‍ യുഡിപി 11 സീറ്റുകളും പിഡിഎഫ് 2 സീറ്റുകളുമാണ് നേടിയത്.
ഇരുപാര്‍ട്ടികളുടെയും സീറ്റുകള്‍ ചേരുമ്പോള്‍ 45 എംഎല്‍എമാരുമായി സാങ്‌മയ്‌ക്ക് സര്‍ക്കാര്‍ രൂപീകരിക്കാം. അതേസമയം മേഘാലയയിലെ എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും. പ്രഥമ സമ്മേളനത്തിന് ശേഷം സഭ ഇന്ന് പിരിയുകയും സ്‌പീക്കര്‍ തെരഞ്ഞടുപ്പിനായി ഈ മാസം ഒമ്പതിന് വീണ്ടും ചേരുകയും ചെയ്യും.
ഫെബ്രുവരി 27 നാണ് മേഘാലയയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. എന്‍പിപി 26, ബിജെപി രണ്ട്, കോണ്‍ഗ്രസ് അഞ്ച്, തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ച്, എച്ച്എസ്‌പിഡിപി രണ്ട്, യുഡിപി 11, പിഡിഎഫ് രണ്ട്, വോയ്‌സ് ഓഫ് പീപ്പിള്‍ പാര്‍ട്ടി നാല്, സ്വതന്ത്രന്‍ രണ്ട് എന്നിങ്ങനെ ആയിരുന്നു സീറ്റ് നില. ബിജെപിയുമായി ഉണ്ടായ ഭിന്നതയെ തുടര്‍ന്ന് എന്‍പിപി ഇത്തവണ ഒറ്റയ്‌ക്ക് മത്സരിക്കുകയായിരുന്നു.
ബിജെപി മൂന്ന്, എന്‍പിപി 20, യുഡിപി എട്ട് എന്നിങ്ങനെയായിരുന്നു നേരത്തെ ഉണ്ടായിരുന്ന കക്ഷിനില. ബിജെപി യുഡിപി പിന്തുണയോടെയാണ് 2018 ല്‍ കോണ്‍റാഡ് സാങ്‌മയുടെ നേതൃത്വത്തില്‍ എന്‍പിപി അധികാരത്തില്‍ എത്തിയത്. ഇതിനിടെ 12 കോണ്‍ഗ്രസ് എംഎല്‍മാര്‍ കൂറുമാറിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് മേഘാലയയിലെ വലിയ ഒറ്റക്കക്ഷിയായി മാറി.