ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ ഏഴിന് ആരംഭിക്കും. സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ മുതിര്‍ന്ന കേണ്‍ഗ്രസ് നേതാക്കള്‍ നാളെ യോഗം ചേരും. തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച, ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്‍റെ നിരക്ക് കുറച്ചിട്ടും ഉയര്‍ന്ന പെട്രോള്‍-ഡീസല്‍ വില, ആവശ്യവസ്‌തുക്കളുടെ ഉയര്‍ന്ന ജിഎസ്‌ടി നിരക്ക് തുടങ്ങിയവ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.
സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ പാർട്ടിയുടെ ചീഫ് വിപ്പ് ജയറാം രമേശ്, ലോകസഭയിലെ പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എന്നിവർ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുമായി നാളെ കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ കേന്ദ്ര മന്ത്രിയായ പി ചിദംബരം, മനീഷ് തിവാരി തുടങ്ങിയവരും നാളെ സോണിയ ഗാന്ധിയുടെ വസതിയില്‍ വച്ച് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നതാണ് സൂചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ സമ്മേളനമാണിത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി ഖാർഗെ തുടരണമോയെന്ന കാര്യത്തിലും പാർട്ടി നേതൃത്വം തീരുമാനമെടുക്കും. പൊതു താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ 16 പുതിയ ബില്ലുകള്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
പാർലമെന്‍റിന്‍റെ സുഗമമായ പ്രവർത്തനത്തിന് സഹകരിക്കാൻ ഡിസംബർ ആറിന് എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും നേതാക്കളുടെ യോഗം ചേരും. 23 ദിവസങ്ങള്‍ നീണ്ട സമ്മേളനത്തിന് ശേഷം ഡിസംബര്‍ 29ന് സമ്മളനം അവസാനിക്കും. 17 സിറ്റിങ്ങുകളാകും സമ്മേളനത്തില്‍ ഉണ്ടാവുക.