ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി ഇന്ന് വീണ്ടും കൂടിക്കാഴ്‌ച നടത്തി. സോണിയാ ഗാന്ധിയുടെ 10 ജൻപഥിലെ വസതിയിലാണ് യോഗം നടന്നത്.
കമൽനാഥ്, ദിഗ്‌വിജയ സിങ്, മുകുൾ വാസ്‌നിക്, കെസി വേണുഗോപാൽ, ജയറാം രമേശ്, എകെ ആന്‍റണി, അംബികാ സോണി, രൺദീപ് സുർജേവാല എന്നിവരുൾപ്പെടെയുള്ള നേതാക്കളും യോഗത്തിൽ പങ്കെടുത്തുവെന്നാണ് വിവരം. കോണ്‍ഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹഭങ്ങൾ ശക്‌തമാകുന്നതിനിടെ കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് സോണിയ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്‌ച നടത്തിയത്.
അതേസമയം 2024ലെ പൊതുതെരഞ്ഞെടുപ്പിനായുള്ള വിശദമായ അവതരണമാണ് പ്രശാന്ത് കിഷോർ നടത്തിയതെന്ന് കെസി വേണുഗോപാൽ നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് പാർട്ടിയിൽ കിഷോറിന്‍റെ പങ്ക് ഒരാഴ്‌ചയ്ക്കകം വ്യക്തമാകുമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്ക് പോരാടണമെന്നും തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഖ്യമുണ്ടാക്കണമെന്നും കിഷോർ നിർദ്ദേശിച്ചതായാണ് വിവരം. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ 370 ലോക്‌സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചതായാണ് വൃത്തങ്ങൾ അറിയിക്കുന്നത്.