മണിപ്പൂര്‍ : വോട്ടെണ്ണലിന് മുമ്പ് തന്നെ മണിപ്പൂര്‍ റിസോട്ട് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ബിജെപിയുടെ കുതിരക്കച്ചവടം പേടിച്ച്, ജയിച്ചുവരുന്നവരെ പിടിച്ചുനിര്‍ത്താന്‍ പദ്ധതികളൊരുക്കുകയാണ് കോണ്‍ഗ്രസ്. ഇതിനായി എഐസിസിയിലെ ചില മുതിർന്ന നേതാക്കൾ ബുധനാഴ്ച സംസ്ഥാനത്തെത്തി.
എന്നാല്‍ നേതാക്കള്‍ ആരെന്ന് വ്യക്തമാക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മാർച്ച് 10 ന് നിയമസഭ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ 'ചാക്കിടല്‍' തടയാൻ പാര്‍ട്ടി നീക്കം ആരംഭിച്ചത്. 2017 വരെ തുടർച്ചയായി മൂന്ന് തവണ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ടിരുന്നു.
Also Read: Manipur Election 2022 | അക്രമം, കൊലപാതകം, സംഭവബഹുലം ; മണിപ്പൂരില്‍ 76.04 ശതമാനം പോളിങ്
ഈ വർഷം മണിപ്പൂരിലെ 60 നിയമസഭ സീറ്റുകളിലേക്ക് 53 സ്ഥാനാർഥികളെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. കഴിഞ്ഞ വർഷം അസമിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും സമാനമായ തന്ത്രങ്ങൾ കോൺഗ്രസ് സ്വീകരിച്ചിരുന്നു. അസം നിയമസഭ തെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി (എഐയുഡിഎഫ്) സഖ്യമുണ്ടാക്കിയാണ് പാർട്ടി മത്സരിച്ചത്.