ഹൈദരാബാദ് : സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുമ്പോള്‍ വലിയ അവകാശവാദവുമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി രംഗത്ത്. അടുത്തമാസം ഒന്‍പതിന് മുന്‍ നിശ്ചയപ്രകാരം കോണ്‍ഗ്രസ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറുമെന്നാണ് രേവന്തിന്‍റെ അവകാശവാദം (Revanth Reddys big claim).
മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിനെതിരെ കാമറെഡ്ഡിയില്‍ നിന്നാണ് രേവന്ത് റെഡ്ഡി ജനവിധി തേടുന്നത്. കോണ്‍ഗ്രസ് അധികാരത്തിലേറുമെങ്കില്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് പക്ഷേ അദ്ദേഹം കൃത്യമായ ഉത്തരം നല്‍കിയില്ല (Congress swearing-in scheduled on Dec 9). 85 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. എല്ലാവരും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ എല്ലാത്തിനും ചില ചിട്ടവട്ടങ്ങളുണ്ടെന്നും രേവന്ത് ചൂണ്ടിക്കാട്ടി.
ഇത് ക്രിക്കറ്റ് ടീമിന്‍റെ തെരഞ്ഞെടുപ്പ് പോലെയാണ്. ആദ്യം കളിക്കാരെ തെരഞ്ഞെടുക്കും. പിന്നീട് അവരെ നയിക്കാന്‍ യോഗ്യരായ ഒരാളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ ടീമിനെ നിശ്ചയിക്കാതെ ഇവിടെ നേതാവിനെ തെരഞ്ഞെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പാര്‍ട്ടിയുെട മാത്രം നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചേര്‍ന്ന് അവരുടെ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കും. ധൃതി വയ്‌ക്കേണ്ട ഒരാവശ്യവും ഇല്ലെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തരയ്ക്ക് തന്നെ എല്‍ബി സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നും അതിന്‍റെ തത്സമയ സംപ്രേഷണം ഉണ്ടാകുമെന്നും അതെല്ലാവര്‍ക്കും വീക്ഷിക്കാനാകുമെന്നും റെഡ്ഡി പറഞ്ഞു. കെസിആര്‍ നയിക്കുന്ന ബിആര്‍എസിനെ തകര്‍ത്ത് തന്‍റെ പാര്‍ട്ടി തന്നെ ഇക്കുറി അധികാരത്തിലേറുമെന്ന ആത്മവിശ്വാസവും രേവന്ത് റെഡ്ഡി പ്രകടിപ്പിച്ചു. പാര്‍ട്ടി നടത്തിയ പ്രകടനത്തെക്കുറിച്ച് തനിക്ക് തികഞ്ഞ വിശ്വാസമുണ്ട്.
ഭാരത് ജോഡോ യാത്രക്ക് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു. ഇപ്പോള്‍ നടക്കുന്നത് സാങ്കേതികമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. ഇന്ന് വോട്ടെടുപ്പ്, ഞായറാഴ്‌ച വോട്ടെണ്ണല്‍, ഒന്‍പതിന് സത്യപ്രതിജ്ഞ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചതാണ്. തെലങ്കാനയില്‍ ഇനി അച്ചേ ദിന്‍ വരാന്‍ പോകുകയാണ്. ദുരാള സര്‍ക്കാര്‍ പോകും പ്രജാല സര്‍ക്കാര്‍ വരുമെന്നും രേവന്ത് പറഞ്ഞു.
Also Read: തെലങ്കാന തെരഞ്ഞെടുപ്പ് വിജയ പ്രവചനം: കോടികളുടെ വാതുവയ്‌പ്പ്, ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും