ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ശശി തരൂർ എം.പി. കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രിയെ ശശി തരൂർ നേരിൽ കണ്ട് നാമനിർദേശം സംബന്ധിച്ച നടപടിക്രമങ്ങൾ അന്വേഷിച്ചു എന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ(22.09.2022) ഇറങ്ങാനിരിക്കെയാണ് ശശി തരൂർ എഐസിസി ആസ്ഥാനത്ത് സന്ദർശനം നടത്തിയിരിക്കുന്നത്.
നേരത്തെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി തരൂർ ഡൽഹിയിലെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തരൂരിന്‍റെ സ്ഥാനാർഥിത്വത്തിന് സോണിയ സമ്മതം നൽകിയതായാണ് റിപ്പോർട്ടുകൾ. സന്ദർശനത്തിൽ തരൂർ തന്‍റെ നിലപാട് സോണിയയോട് വിശദീകരിച്ചു. ആർക്കും മത്സരിക്കാമെന്ന മുൻ നിലപാട് തരൂരിനോടും സോണിയ ആവർത്തിച്ചതായാണ് വിവരം.
തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ(22.09.2022) പുറത്തിറക്കും. നാമനിർദേശ പത്രിക ഈ മാസം 24 മുതൽ 30 വരെ നൽകാം. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഒക്‌ടോബർ എട്ടിനാണ്. മത്സരമുണ്ടെങ്കിൽ വോട്ടെടുപ്പ് ഒക്‌ടോബർ 17ന്. 19ന് വോട്ടെണ്ണി ഫലം പ്രസിദ്ധീകരിക്കും.