ന്യൂഡൽഹി: ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പ്രതാപകാലത്തേക്ക് കോൺഗ്രസിനെ മടക്കിക്കൊണ്ടുവരാൻ തന്ത്രങ്ങൾ മെനഞ്ഞ് സോണിയയും കൂട്ടാളികളും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ നിർദേശാനുസരണം പുനരുജ്ജീവന പദ്ധതി തയാറാക്കാൻ രൂപീകരിച്ച സോണിയ ഗാന്ധി രൂപീകരിച്ച കോൺഗ്രസ് പാനൽ വെള്ളിയാഴ്‌ച റിപ്പോർട്ട് സമർപ്പിച്ചു. സമിതി അംഗങ്ങളായ കെ.സി വേണുഗോപാലും പ്രിയങ്ക ഗാന്ധിയും സോണിയയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കിഷോറിന്‍റെ നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഇനി പാർട്ടിയിലെ പ്രശാന്ത് കിഷോറിന്‍റെ പങ്ക് സോണിയ തീരുമാനിക്കുമെന്ന് സമിതി അംഗമായ കോൺഗ്രസ് നേതാവ് പറഞ്ഞു. പ്രിയങ്ക ഗാന്ധി വദ്ര, കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല, പി.ചിദംബരം, അംബിക സോണി, ജയറാം രമേഷ്, മുകുൾ വാസ്‌നിക് എന്നിവരാണ് സമിതിയിലുള്ളത്.
പ്രശാന്തിന്‍റെ മിക്ക നിർദേശങ്ങളും പ്രായോഗികവും ഉപയോഗപ്രദമാണെന്നും സമിതി കണ്ടെത്തിയതായി വൃത്തങ്ങൾ പറയുന്നു. എന്നാൽ പാർട്ടിയിലെ കിഷോറിന്‍റെ സ്ഥാനം സംബന്ധിച്ച് മുതിർന്ന പാർട്ടി നേതാക്കൾക്ക് വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉള്ളതായാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പ്രശാന്ത് കിഷോറിനെ പരസ്യമായി പ്രശംസിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗെലോട്ട് അദ്ദേഹം ഒരു 'ബ്രാന്‍റ്' ആണെന്ന് പറഞ്ഞു. പ്രശാന്ത് കിഷോറിന്‍റെ പാർട്ടി പ്രവേശനത്തെ എതിർക്കുന്നവർ നവീകരണ വിരുദ്ധരാണെന്ന് കർണാടക മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്‌ലി പറഞ്ഞു. ഔദ്യോഗികമായി അദ്ദേഹം കോൺഗ്രസിൽ ചേർന്നാൽ ഏതാനും പ്രാദേശിക പാർട്ടികളുമായി കിഷോറിനുള്ള ബന്ധം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ചില നേതാക്കളുടെ പക്ഷം.
കിഷോറിനെ കോൺഗ്രസിൽ ചേർക്കുക എന്നത് പാർട്ടി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കിഷോറിന്‍റെ പാർട്ടിയിലെ സജീവമായ പങ്ക് പല നേതാക്കളെയും അസ്വസ്ഥരാക്കുമെന്നും ഉറപ്പാണ്.
Also Read: സെപ്‌റ്റംബറോടെ പുതിയ അധ്യക്ഷൻ ; സംഘടനാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്