വാർധ (മഹാരാഷ്ട്ര): ഇന്നത്തെ സാഹചര്യത്തില്‍ കോൺഗ്രസ് പാർട്ടിക്ക് ഏറ്റവും പ്രധാനം ബൂത്ത് തലത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മഹാരാഷ്ട്രയിലെ വാർധയില്‍ നടന്ന കോൺഗ്രസിന്‍റെ സംഘടന പരിശീലനത്തിന്‍റെ ഭാഗമായുള്ള നാഷണല്‍ ഓറിയന്‍റേഷൻ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു കെസി വേണുഗോപാല്‍.
ഇന്ത്യയെമ്പാടുമുള്ള ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ട് മാത്രമേ സംഘടന ശക്തിപ്പെടുകയുള്ളൂ. സമത്വവും സാഹോദര്യവുമാണ് കോൺഗ്രസിന്‍റെ മുഖമുദ്ര. അത് ജനങ്ങളിലേക്കെത്തണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പുതിയ നേതൃത്വം കോൺഗ്രസില്‍ ഉയർന്നുവരുമ്പോൾ നേതാക്കളും ജനങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാകണം. ർ
ആശയ അടിത്തറയുള്ള പ്രവർത്തകരെ വളർത്തിയെടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഇത്തരം പരിശീലന പരിപാടികൾ വലിയ പങ്ക് വഹിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
'ബിജെപി സർക്കാർ വൻ പരാജയം'
ബിജെപി സർക്കാരിനെ വിമർശിക്കാനും കെസി വേണുഗോപാല്‍ മറന്നില്ല. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ തലത്തിലും വൻ പരാജയമാണ്. പണപ്പെരുപ്പം റോക്കറ്റുപോലെ കുതിച്ചുയരുകയാണ്. തൊഴിലില്ലായ്‌മ അതി രൂക്ഷമായി. ഇക്കാര്യങ്ങൾ ജനങ്ങളിലേക്കെത്തേണ്ടതുണ്ട്. മോദി സർക്കാരിന്‍റെ വാഗ്‌ദാന ലംഘനം ജനങ്ങളിലെത്തിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വാർധയിലെ സേവാഗ്രാമത്തിൽ നാലു ദിവസമായി നടന്ന പരിശീലന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു.