അഗര്‍ത്തല: പ്രദ്യോത് ബിക്രം മാണിക്യ ദേബ് നേതൃത്വം കൊടുക്കുന്ന തിപ്രമോതയുമായി സഖ്യ സാധ്യതകള്‍ തേടി കോണ്‍ഗ്രസ് നേതാക്കള്‍ ത്രിപുരയില്‍. ഇപ്പോഴത്തെ വോട്ടെണ്ണലിലെ ട്രെന്‍ഡ് പരിഗണിക്കുമ്പോള്‍ പ്രദ്യോത് ത്രിപുരയില്‍ കിങ്മേക്കര്‍ ആവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രദ്യോത് ബിക്രമിനെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരികയാണെങ്കില്‍ ത്രിപുരയില്‍ ഇത്തവണയും ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും സാധിക്കും.
പ്രദ്യോതുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ് അദ്ദേഹവുമായി ആശയവിനിമയം നടത്തുകയാണ്. കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കള്‍ ത്രിപുരയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും അവര്‍ പ്രദ്യോതുമായി നേരിട്ട് ഉടന്‍ കൂടിക്കാഴ്‌ച നടത്തുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
ജിതേന്ദ്ര സിങ്ങിനോടൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നികും തിപ്രമോത നേതാക്കളുമായുള്ള ചര്‍ച്ചയ്‌ക്ക് ത്രിപുരയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഒരു റിസോര്‍ട്ടില്‍ വച്ചായിരിക്കും തങ്ങളുടെ നേതാക്കള്‍ പ്രദ്യോതുമായി കൂടിക്കാഴ്‌ച നടത്തുക എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
തിപ്രമോതയെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനായി ബിജെപിയും: അതേസമയം ബിജെപിയും തിപ്രമോതയെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രദ്യോതുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ബിജെപി വൃത്തങ്ങളും അറിയിച്ചു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ബിജെപിയേയും തിപ്രമോതയേയും അടുപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ കസിനാണ് പ്രദ്യോത്.
തിപ്രമോതയെ അടുപ്പിക്കാന്‍ ബിജെപിക്ക് വെല്ലുവിളികള്‍ ഏറെ: തിപ്രമോതയെ തങ്ങളോട് അടുപ്പിക്കുന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. കാരണം വിശാല ആദിവാസി മേഖല(Greater Tribal land) എന്ന തിപ്രമോതയുടെ ആവശ്യം ബിജെപി നിരസിച്ചതാണ്. ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി തങ്ങള്‍ക്ക് തിപ്രമോതയുടെ സഹായം വേണ്ടിവരില്ല എന്നാണ് ത്രിപുരയിലെ ബിജെപി നേതാക്കള്‍ പരസ്യമായി പറയുന്നത്.
കോണ്‍ഗ്രസിന് തിപ്രമോതയുമായി അടുക്കുന്നതിന് കൂടുതല്‍ സാധ്യത: തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവരോട് മാത്രമെ സഖ്യത്തില്‍ ഏര്‍പ്പെടുകയുള്ളൂ എന്നാണ് തിപ്രമോത വക്‌താവ് ജിതന്‍ ദേബ്‌ബര്‍മ പറഞ്ഞത്. ത്രിപുരയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ടം എന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം, കുതിരക്കച്ചവടത്തിന് അടിമപ്പെടാതിരിക്കാന്‍ തങ്ങളുടെ എംഎല്‍എമാരെ ഷില്ലോങ്ങിലേക്ക് അയക്കുമെന്ന കാര്യവും അദ്ദേഹം നിഷേധിച്ചു.
തിപ്രമോതയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സാധ്യത കോണ്‍ഗ്രസിനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ സിപിഎമ്മിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ജിതേന്ദ്ര ചൗധരിയുമായി പ്രദ്യോത് ബിക്രം മാണിക്യ ദേബ് നല്ല ബന്ധം പുലര്‍ത്തുന്നുണ്ട് എന്നതും കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് തിപ്രമോതയുമായി അടുക്കുന്നതിന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു.