ബെംഗളൂരു (കർണാടക): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസിൽ പരാതി നൽകി കർണാടക കോണ്‍ഗ്രസ് പ്രതിനിധി സംഘം. കോൺഗ്രസ് തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ചു എന്നാരോപിച്ചാണ് ലോക്‌സഭ മുൻ സ്‌പീക്കർ മീര കുമാറിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കൂടാതെ ചിറ്റപുരയിലെ ബിജെപി സ്ഥാനാർഥി മണികാന്ത് റാത്തോഡിനെതിരെയും കോണ്‍ഗ്രസ് പരാതി നൽകിയിട്ടുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന മണികാന്ത് റാത്തോഡിന്‍റെ ശബ്‌ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ നടപടി.
ഇരുവർക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പ്രതിനിധി സംഘം പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ കെപിസിസി (കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി) പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു, പവൻ ഖേര, രമേഷ് ബാബു, ഗൗരവ് വല്ലഭ് തുടങ്ങിയ നേതാക്കളും പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
നേരത്തെ മണികാന്ത് റാത്തോഡിന്‍റെ പരാമർശത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഖാർഗെ കുടുംബത്തിന് മതിയായ സുരക്ഷ നൽകണമെന്നും പ്രതിയായ റാത്തോഡിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുമായിരുന്നു സിദ്ധരാമയ്യ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് മല്ലികാർജുൻ ഖാർഗെയേയും കുടുംബത്തെയും തുടച്ച് നീക്കുമെന്ന് ഭീഷണി മുഴക്കുന്ന മണികാന്ത് റാത്തോഡിന്‍റെ ശബ്‌ദ സന്ദേശം കോണ്‍ഗ്രസ് പുറത്തുവിട്ടത്. റാത്തോഡും രവി എന്ന സുഹൃത്തും തമ്മിൽ നടന്ന സംഭാഷണത്തിന്‍റെ ശബ്‌ദ രേഖയാണ് എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിങ് സുർജേവാല പുറത്തുവിട്ടത്.
പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും രംഗത്തെത്തിയിരുന്നു. പുറത്തുവന്ന ഓഡിയോയുടെ സത്യാവസ്ഥ പരിശോധിക്കേണ്ടതുണ്ടെന്നും വിഷയം ഗൗരവത്തിലെടുത്ത്, കേസെടുത്ത് അന്വേഷണം നടത്തുമെന്നും ബൊമ്മെ അറിയിച്ചിരുന്നു.