ന്യൂഡല്‍ഹി : 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിര്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നാളെ രാജിസ്ഥാനിലെ ഉദയ്‌പൂരില്‍ ആരംഭിക്കും. മെയ് 15 വരെയാണ് ആലോചനാ സമ്മേളനം. ഇതിന് മുന്നോടിയായി കാര്യപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ വ്യാഴാഴ്‌ച പാര്‍ട്ടിയുടെ നേതൃയോഗവും നടന്നു.
മാര്‍ച്ച് 14 ന് നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാവ് അധീർ രഞ്ജൻ ചൗധരി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ചിന്തൻ ശിബിറില്‍ കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ചർച്ചകളും നിർണായക തീരുമാനങ്ങളും ഉണ്ടായേക്കും.
2019ലെ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷപദവി രാജിവയ്ക്കുകയും സോണിയാഗാന്ധി പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി സ്ഥാനമേല്‍ക്കുകയുമായിരുന്നു. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് 2024 ലേക്ക് ഒരുങ്ങാനായി ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കുന്നത്.
also read: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ് ; അടിയന്തര നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്
എട്ട് വർഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ പാര്‍ട്ടി നിരവധി പരാജയങ്ങളെ നേരിട്ടു. നിരവധി പ്രമുഖര്‍ പാര്‍ട്ടി വിടുകയും ചെയ്‌തു. മെയ് 13 ന് സോണിയ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് ആരംഭിക്കുന്ന ചിന്തൻ ശിബിര്‍ മെയ് 15ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപിക്കും.