ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെയുള്ള അയോധ്യ പ്രതിഷ്‌ഠയെ (Ayodhya Prathishta) ചോദ്യം ചെയ്‌ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എസ് സിങ് ദിയോ രംഗത്ത്. ഈ ചടങ്ങുകള്‍ തികച്ചും മതപരമല്ലെന്നും ഇതിന് വലിയ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി (Congress leader TS Singh Deo questions on Ram Temple opening). ഈ മാസം 22നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ചടങ്ങ് ബിജെപി ആര്‍എസ്എസ് പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍അധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ക്ഷണം നിരസിച്ചിരുന്നു. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് ഉദ്ഘാടനം ചെയ്യുന്നത് വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കണ്ണ് വച്ചാണെന്നും മുന്‍ ഛത്തീസ്‌ഗഡ് ഉപമുഖ്യമന്ത്രികൂടിയായ സിങ് ചൂണ്ടിക്കാട്ടി.
രാമക്ഷേത്രം തുറന്ന് നല്‍കുന്നതില്‍ പ്രതിപക്ഷത്തിന് യാതൊരു എതിര്‍പ്പുമില്ല. രാമനോടും അദ്ദേഹത്തോടുള്ള പൊതുവികാരത്തോടും തങ്ങള്‍ക്ക് ബഹുമാനമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങുകള്‍ പൂര്‍ണമായും മതപരമായിരുന്നെങ്കില്‍ ആര്‍ക്കും ഒരു എതിര്‍പ്പും ഉണ്ടാകില്ലായിരുന്നു. എന്നാല്‍ ഇത് തികച്ചും രാഷ്ട്രീയമാണ് ഉള്ളതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആരും രാമനെതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷണം നിരസിച്ചതിലൂടെ രാമക്ഷേത്രത്തെയോ രാമജന്മഭൂമിയേയോ കോണ്‍ഗ്രസ് ബഹിഷ്ക്കരിക്കുകയല്ലെന്ന് നേരത്തെ ഹരിയാന പാര്‍ട്ടി അധ്യക്ഷന്‍ ഉദയഭാന്‍ വ്യക്തമാക്കിയിരുന്നു. അയോധ്യ പ്രതിഷ്‌ഠയ്ക്കായി തെരഞ്ഞെടുത്ത സമയവും അത് നടപ്പാക്കാന്‍ ബിജെപി നടത്തുന്ന മാര്‍ഗങ്ങളുമാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. നാല്‍പ്പത് ശതമാനത്തോളം ജോലികള്‍ തീരാനുള്ളപ്പോള്‍ ഇത്ര ധൃതി പിടിച്ച് ക്ഷേത്രം തുറക്കുന്നതിനെ സന്യാസി സമൂഹവും ചോദ്യം ചെയ്യുന്നുണ്ടെന്ന് ഉദയഭാന്‍ ചൂണ്ടിക്കാട്ടി.
നിര്‍മാണം പൂര്‍ത്തിയാകാതെ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നിരിക്കെ ധൃതി പിടിച്ച് എന്തിനാണ് പ്രതിഷ്‌ഠ ചടങ്ങുകള്‍ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പാതിമാത്രം പൂര്‍ത്തിയായ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠ നടത്താന്‍ പാടില്ല. ഇക്കാര്യം വേദപണ്ഡിതനായ ഒഡിഷയിലെ പൂര്‍വമന്യ ഗോവര്‍ദ്ധന്‍ മഠ് പുരി പീഠത്തിലെ ശങ്കരാചാര്യ സ്വാമി ശ്രീ നിശ്ചലാനന്ദ സരസ്വതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഉദയഭാന്‍ പറഞ്ഞു.
ഇത് രാഷ്ട്രീയ നീക്കമാണെന്ന് അദ്ദേഹം പോലും പറയുന്നു. മതപരമായ കാര്യങ്ങളില്‍ അഗാധ ജ്ഞാനമുള്ള അദ്ദേഹം പോലും ഇങ്ങനെ പറയണമെങ്കില്‍ അത് വെറുതെ ആകില്ലല്ലോ. താനും അദ്ദേഹത്തിന്‍റെ നിലപാടുകള്‍ക്കൊപ്പമാണെന്നും ഉദയഭാന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കൊണ്ടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്‌താവന പുറത്ത് വന്നത്. ഈ മാസം പതിനഞ്ചുമുതല്‍ പ്രതിഷ്‌ഠ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന നിരവധി പൂജകള്‍ ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.
Also Read: അയോധ്യ പ്രതിഷ്‌ഠ ചടങ്ങ്: കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച് ഗുജറാത്ത് മുന്‍ അധ്യക്ഷന്‍