ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്‍റെ സംഘടന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള അംഗത്വ വിതരണത്തിന് തുടക്കമായി. നവംബര്‍ 1ന് ആരംഭിച്ച അംഗത്വ വിതരണം 2022 മാര്‍ച്ച് 31 വരെ തുടരും. 'കോണ്‍ഗ്രസില്‍ ചേരൂ ഇന്ത്യയെ രക്ഷിയ്ക്കൂ' എന്ന ഓണ്‍ലൈന്‍ ക്യാമ്പെയിനും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.
ഭരണഘടനാമൂല്യങ്ങൾ തകർക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിയ്ക്കാൻ കോണ്‍ഗ്രസില്‍ ചേരണമെന്നാണ് ആഹ്വാനം. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അഞ്ച് രൂപ ഫീസ് നല്‍കി പാര്‍ട്ടിയില്‍ അംഗമാകാം.
അംഗത്വമെടുക്കുന്നവര്‍ മദ്യവും മയക്കുമരുന്നും വർജിച്ചുവെന്ന പ്രഖ്യാപനം നടത്തണം. പാർട്ടിയുടെ നയങ്ങളെയും പരിപാടികളെയും പൊതുവേദികളിൽ ഒരിക്കലും വിമർശിയ്ക്കില്ലെന്ന് ഉറപ്പും നല്‍കണം.
പാര്‍ട്ടിയില്‍ ചേരാന്‍ യുവജനങ്ങളോട് ആഹ്വാനം
യുവജനങ്ങളോട് പാർട്ടിയിൽ ചേരാന്‍ കോണ്‍ഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് അഭ്യർഥിച്ചു. രാജ്യത്തിന്‍റെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളേയും ചേര്‍ത്ത് പിടിയ്ക്കുന്ന പ്രത്യയ ശാസ്‌ത്രമാണ് കോണ്‍ഗ്രസിന്‍റേതെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക ഐക്യവും സമത്വവും ഉറപ്പാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഭരണഘടനാമൂല്യങ്ങൾ തകർക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ കൈകോർക്കണമെന്നും ഗെലോട്ട് പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ സംഘടനാനടപടി ക്രമങ്ങളുടെ ആദ്യ ഘട്ടമാണ് അംഗത്വ വിതരണം. ജൂണ്‍ 1 മുതല്‍ ജൂലൈ 20 വരെയുള്ള കാലയളവില്‍ ഡിസിസി അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, ഖജാന്‍ജി, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ക്കായും ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 20 വരെയുള്ള കാലയളവില്‍ പിസിസി അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, ഖജാന്‍ജി മറ്റ് ഭാരവാഹികള്‍ എന്നിവര്‍ക്കായുമുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കും.
വിലക്കയറ്റത്തിനെതിരെ 'ജൻ ജാഗരൺ അഭിയാൻ'
കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ഓഗസ്റ്റ് 21ന് ആരംഭിച്ച് സെപ്റ്റംബര്‍ 20ന് അവസാനിയ്ക്കും. പ്രവര്‍ത്തക സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് തിയ്യതി നിശ്ചയിച്ചിട്ടില്ല. എഐസിസി പ്ലീനറിയില്‍ പ്രവര്‍ത്തക സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിയ്ക്കുന്നത്.
നവംബർ 14 മുതൽ 29 വരെ വിലക്കയറ്റത്തിനെതിരെ രാജ്യത്തുടനീളം 'ജൻ ജാഗരൺ അഭിയാൻ' എന്ന പേരില്‍ ജനകീയ പ്രക്ഷോഭ പരിപാടി നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Also read: യു.പിയില്‍ പെൺകുട്ടികൾക്ക് ഇരുചക്ര വാഹനവും സ്‌മാർട്ട്‌ഫോണും, വാഗ്‌ദാനവുമായി കോൺഗ്രസ്