ഭുവനേശ്വര്‍: രാജ്യത്ത് ഇന്ധന വില വര്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഒഡിഷയില്‍ കോണ്‍ഗ്രസ് ആറ് മണിക്കൂര്‍ നീണ്ട ബന്ദ് ആചരിച്ചു. പ്രതിഷേധത്തിന്‍റെ ഭാഗമായി ട്രെയിനുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. തിങ്കളാഴ്‌ച രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെയായിരുന്നു ബന്ദ് ആചരിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് വാണിജ്യ കേന്ദ്രങ്ങളും പൊതു ഗതാഗതവും പൂര്‍ണമായും നിലച്ചു.
മോദി സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നതോടെ ഇനി ജനങ്ങള്‍ സൈക്കിള്‍ ഓടിക്കാന്‍ തുടങ്ങുമെന്നും പ്രധാന മന്ത്രി സൈക്കിള്‍ ഓടിക്കുമ്പോള്‍ സാധാരണക്കാരന്‍റെ ബുദ്ധിമുട്ട് മനസിലാകുമെന്നും കോണ്‍ഗ്രസ് എംഎല്‍എ സുര റൗട്രെ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 89.69 രൂപയും ഡീസലിന് 86.47 രൂപയുമായി.
അതേസമയം കോണ്‍ഗ്രസ് സംഘടിപ്പിച്ച ബന്ദിനെതിരെ പ്രദേശവാസികളും രംഗത്ത് വന്നു. ഇതെല്ലാം രാഷ്ട്രീയ നാടകമാണെന്നും ഇതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. പ്രതിഷേധം സമാധനപരമായി നടത്തേണ്ടതാണ് അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം ബന്ദ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അവര്‍ പ്രതികരിച്ചു. ദേശീയ തലസ്ഥാനത്ത് പെട്രോളിന് വില ലിറ്ററിന് 88.99 രൂപയും ഡീസലിന് വില ലിറ്ററിന് 79.35 രൂപയുമാണ്.