ഹൈദരാബാദ്: കര്‍ഷക പ്രക്ഷോഭത്തിലൂടെ കോണ്‍ഗ്രസിന് ലഭിക്കുന്ന ആദ്യ രാഷ്‌ട്രീയ ലാഭമായിരിക്കുകയാണ് പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം. എട്ട് കോര്‍പ്പറേഷനുകളില്‍ ഏഴും തൂത്തുവാരിയ കോണ്‍ഗ്രസ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തി കാട്ടിയിരുന്നത്. 53 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബട്ടിന്‍ഡ കോര്‍പ്പറേഷനില്‍ അധികാരത്തില്‍ തിരിച്ചു വന്ന കോണ്‍ഗ്രസിന് അത്രയും മധുരിതമായ മറ്റൊരു വിജയം വേറെ ഇല്ല.
ഈ വിജയത്തിന്‍റെ അനുരണനങ്ങള്‍ തീര്‍ച്ചയായും അയൽ സംസ്ഥാനമായ ഹരിയാനയിലും പ്രതിധ്വനിക്കാതിരിക്കില്ല. കാരണം, തെരഞ്ഞെടുപ്പിനു ശേഷം തല്ലികൂട്ടിയ ഒരു സഖ്യത്തിന്‍റെ പുറത്താണ് അവിടെ ബിജെപി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ അധികാര കസേരയില്‍ ഇരുത്തിയിരിക്കുന്നത്. പഞ്ചാബിലെ കോണ്‍ഗ്രസിന്‍റെ വിജയം തീര്‍ച്ചയായും ഈ സഖ്യത്തിനു മേലും സമ്മര്‍ദ്ദം ചെലുത്തുമെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളെ ഒന്നുകൂടി ശക്തിപ്പെടുത്താന്‍ പോന്നതുമാണ് ഈ വിജയം. രാകേഷ് ടിക്കായത്തിന്‍റെ കണ്ണുനീര്‍ പടിഞ്ഞാറന്‍ യു പി യില്‍ ജാട്ട് സമുദായത്തെ ഒന്നിപ്പിച്ചുവെങ്കിലും സംസ്ഥാനത്ത് ബിജെപി ക്ക് ഭീഷണിയാകുന്ന തരത്തില്‍ അതൊരു രാഷ്ട്രീയ ശക്തിയായി ഇനിയും പരിണമിച്ചിട്ടില്ല എന്ന വാദത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തല്‍ക്കാലം ആശ്വാസം കൊണ്ടിരിക്കാം. ഉത്തര്‍പ്രദേശിലെ ഉള്‍നാടുകളില്‍ ഈ സമരത്തിന് അധികം പിന്തുണയില്ല എന്നുള്ളതും തല്‍ക്കാലം യോഗിക്ക് ആശ്വാസം നല്‍കുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം കര്‍ഷക പ്രക്ഷോഭങ്ങളെ അതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിലും അവഗണിക്കാന്‍ കഴിയുമോ എന്നുള്ളതാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന വലിയ ചോദ്യം. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. അതേ സമയം ഒരു പരിധിവരെ അതില്‍ ഭേദഗതി വരുത്തുവാന്‍ അവര്‍ തയാറുമാണ്. പക്ഷെ കര്‍ക്കശമായ ഈ നിലപാട് ഒരു അനിശ്ചിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് മാത്രം. നിലവിലെ നിലപാടില്‍ രാഷ്ട്രീയമായി ബിജെപി ക്ക് വലിയ വില കൊടുക്കേണ്ടി വന്നേക്കും.
പഞ്ചാബില്‍ ബിജെപി താരതമ്യേന ഒരു ചെറിയ പാര്‍ട്ടിയാണെങ്കിലും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ഈ കാര്‍ഷിക നിയമങ്ങള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളായി മാറിയത് എന്ന വസ്തുത അവര്‍ക്ക് അവഗണിക്കാനാവില്ല. ഹിന്ദി ഹൃദയഭൂമിയിലല്ലെങ്കിലും തെരഞ്ഞെടുപ്പുകള്‍ പലതും അടുത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി ഒരു ചെറിയ പാര്‍ട്ടിയോ അല്ലെങ്കിൽ പരിമിതമായ സ്വാധീനമുള്ള പാര്‍ട്ടിയോ ആയിരിക്കാം. പക്ഷെ പശ്ചിമ ബംഗാളിലും അസമിലും അവര്‍ ഒരു മുഖ്യ കക്ഷി തന്നെയാണ്. ഡല്‍ഹിക്ക് ചുറ്റും നടന്നു വരുന്ന ഈ പ്രക്ഷോഭങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ പ്രഭാവം സൃഷ്ടിക്കുമോ എന്നുള്ള കാര്യം ഒരുപക്ഷെ ഒരു ഊഹക്കളിയായി തോന്നാം. പക്ഷെ തീര്‍ച്ചയായും അതൊരു ചര്‍ച്ചാവിഷയം തന്നെയാണ്.
തന്‍റേതായ ശൈലിയുള്ള ഒരു കോണ്‍ഗ്രസ് നേതാവാണ് ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്. “2022-ല്‍ ക്യാപ്റ്റനെ വിളിക്കൂ'' എന്നാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയാഹ്ളാദങ്ങളിൽ മുഴുവൻ ഉയര്‍ന്നു കേട്ട മുദ്രാവാക്യമെന്നതിൽ നിന്നും താഴെക്കിടയിലുള്ള അണികളെ വീണ്ടും പാര്‍ട്ടിയുമായി വിളക്കിച്ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടെന്ന് വ്യക്തമാകുന്നു. പക്ഷെ മഹത്തായ ഈ പഴയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പഞ്ചാബില്‍ നേടിയെടുത്ത വിജയം മറ്റിടങ്ങളില്‍ നേട്ടമുണ്ടാക്കുവാൻ ഉപയോഗപ്പെടുത്തുവാന്‍ കഴിയുമോ എന്നുള്ളതാണ് വലിയ വെല്ലുവിളി. ഗുജറാത്തില്‍ പാര്‍ട്ടി വളരെ കടുത്ത അവസ്ഥയിലാണ് പോരാടി കൊണ്ടിരിക്കുന്നത്. താമസിയാതെ അവിടേയും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ബിജെപിക്കെതിരെ ഒരു കടുത്ത പോരാട്ടം നടത്താൻ കോണ്‍ഗ്രസിനായാല്‍ പോലും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു പോരാടനുള്ള അവസരം തന്നെയാണ്.
ഹിന്ദി ഹൃദയഭൂമിയില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രഭാവം ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രക്ഷോഭങ്ങള്‍ പലതും നിരനിരയായ് മുന്നിലുണ്ട്. അതെല്ലാം തന്നെ സര്‍ക്കാരിന്‍റെ നയ മാറ്റങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതുമാണ്. പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമോ? തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമവാക്യങ്ങളില്‍ അത് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഏതാനും മാസങ്ങള്‍ മാത്രം അകലെയാണ്