ന്യൂഡല്‍ഹി : യുപി നിയമസഭാതെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് തലേദിവസം സംപ്രേഷണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖത്തിനെതിരെ കോണ്‍ഗ്രസ്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് പ്രധാനമന്ത്രിയുടെ അഭിമുഖമെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വാദം.
2017ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞടുപ്പ് കമ്മിഷന്‍ നോട്ടിസയച്ചത് കോണ്‍ഗ്രസ് രാജ്യസഭാ എംപി ശക്തിസിങ് ഗോഹില്‍ ഇടിവി ഭാരതിനോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.
ALSO READ: 'എല്ലാ സ്ത്രീകളും ജീന്‍സ് ധരിക്കണം' ; ഹിജാബ് വിവാദത്തില്‍ വേറിട്ട പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ്
"യുപി നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രിയുടെ അഭിമുഖം ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തത് ഞെട്ടിക്കുന്നതാണ്. 2017 ലെ ഗുജറാത്ത് നിയമസഭ വോട്ടെടുപ്പിന്‍റെ തൊട്ടുമുമ്പുള്ള ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ ടെലിവിഷന്‍ അഭിമുഖം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞിരുന്നു" - ഗോഹില്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കാള്‍ക്ക് ബാധകമാക്കുമ്പോള്‍ തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി പ്രധാനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വം കാണിക്കുന്നില്ല. യുപിയില്‍ ഭരണ നേട്ടമായി യാതൊന്നും ബിജെപിക്ക് അവകാശപ്പെടാനില്ല. അതുകൊണ്ടാണ് വിദ്വേഷം പ്രചരിപ്പിച്ച് അധികാരത്തില്‍ വീണ്ടും വരാന്‍ ശ്രമിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പോലും അഴിമതിയാണ് ബിജെപി നേതാക്കള്‍ നടത്തുന്നതെന്നും ശക്തിസിങ് ഗോഹില്‍ ആരോപിച്ചു.