ഉദയ്‌പൂര്‍ (രാജസ്ഥാന്‍): മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോൺഗ്രസിന്‍റെ ചിന്തൻ ശിബിറിന് രാജസ്ഥാനിലെ ഉദയ്‌പൂരില്‍ തുടക്കമായി. സമ്പദ്‌വ്യവസ്ഥ, സംഘടന, യുവജനങ്ങൾ, സാമൂഹികനീതി എന്നീ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന വിവിധ സംഘങ്ങളെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിസംബോധന ചെയ്യും.
ഈ സംഘങ്ങള്‍ രണ്ട് ദിവസത്തിനുള്ളിൽ ചർച്ച പൂർത്തിയാക്കി സിഡബ്ല്യുസി അംഗീകരിക്കുന്ന കരട് പ്രമേയം തയ്യാറാക്കും.ജനാധിപത്യം, സമ്പദ്‌വ്യവസ്ഥ, സാമൂഹിക ഐക്യം എന്നീ വിഷയത്തില്‍ ചര്‍ച്ചയുണ്ടാകും. ചര്‍ച്ചയുടെ നിഗമനങ്ങള്‍ സോണിയ ഗാന്ധി വിലയിരുത്തും. ഉദയ്‌പൂരിലെ ചിന്തൻ ശിബിർ പാര്‍ട്ടിക്ക് ഒരു മുതല്‍കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
അടിച്ചമർത്തൽ, വിവേചനം, മതഭ്രാന്ത്, ഭിന്നിപ്പിച്ച് ഭരിക്കല്‍ എന്നീ നയങ്ങളിൽ നിന്ന് ഇന്ത്യയെയും ജനങ്ങളെയും മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ നിന്നാണ് കോൺഗ്രസ് പിറവിയെടുത്തതെന്ന് പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല പത്രസമ്മേളനത്തിൽ പറഞ്ഞു. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതാണ് ചിന്തൻ ശിബിർ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍. ചിന്തൻ ശിബിര്‍ മെയ് 15ന് സമാപിക്കും.