കൽബുർഗി: കർണാടകയിലെ റിക്രൂട്ട്‌മെന്‍റ് അഴിമതികളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവും എംഎൽഎയുമായ പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്ത് സർക്കാർ ജോലി ലഭിക്കണമെങ്കിൽ യുവതികൾക്ക് കിടക്ക പങ്കിടേണ്ടി വരുന്നുവെന്നും പുരുഷൻമാർ കൈക്കൂലി നൽകേണ്ടി വരുന്നുവെന്നുമാണ് ഖാർഗെ ആരോപിച്ചത്.
ഭരണകക്ഷികൾ സർക്കാർ തസ്‌തികകൾ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. യുവതികൾക്ക് സർക്കാർ ജോലി ലഭിക്കണമെങ്കിൽ ആരുടെയെങ്കിലും കൂടെ കിടക്ക പങ്കിടണം. പുരുഷന്മാരാണെങ്കിൽ കൈക്കൂലി നൽകണം. ഒരു മന്ത്രി യുവതിയോട് ജോലി ലഭിക്കണമെങ്കിൽ തന്‍റെ കൂടെ കിടക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് പുറത്തായതിന് പിന്നാലെ അദ്ദേഹം രാജിവച്ചു. എന്‍റെ ആരോപണങ്ങളുടെ ഏറ്റവും വലിയ തെളിവാണിത്, ഖാർഗെ പറഞ്ഞു.
കർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (കെപിടിസിഎൽ) അസിസ്റ്റന്‍റ് എൻജിനീയർ, ജൂനിയർ എൻജിനീയർ, സിവിൽ എൻജിനീയർ തുടങ്ങി ആകെ 1,492 തസ്‌തികകളിലേക്കാണ് റിക്രൂട്ട്‌മെന്‍റ് നടത്തിയത്. ഇതിൽ ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷയെഴുതുന്ന ഒരു ഉദ്യോഗാർഥിയെ ഗോകാക്കിൽ വെച്ച് അറസ്റ്റ് ചെയ്‌തിരുന്നു. എനിക്ക് ലഭിച്ച വിവരമനുസരിച്ച് ആകെ 600 തസ്‌തികകളിലേക്ക് ഇടപാട് നടന്നിരിക്കാനാണ് സാധ്യത.
300 കോടിയുടെ അഴിമതി: അസിസ്റ്റന്‍റ് എൻജിനീയർ തസ്‌തികയിലേക്കുള്ള ഇടപാടിന് 50 ലക്ഷം രൂപ കൈപ്പറ്റിയതായാണ് സംശയിക്കുന്നത്. ജൂനിയർ എൻജിനീയർ തസ്‌തികയിലേക്ക് 30 ലക്ഷം രൂപയും കൈപ്പറ്റിയിട്ടുണ്ട്. ഇതിലൂടെ മാത്രം 300 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കണക്കുകൂട്ടലെന്നും ഖാർഗെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കെപിടിസിഎൽ തസ്‌തികകളിലേക്ക് അപേക്ഷിച്ച 3 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയുമായാണ് സർക്കാർ കളിക്കുന്നത്. എല്ലാ റിക്രൂട്ട്‌മെന്‍റ് പരീക്ഷയിലും ക്രമക്കേടുകൾ ഉണ്ടായാൽ പാവപ്പെട്ടവരും കഴിവുള്ളവരുമായ വിദ്യാർഥികൾ എവിടേക്ക് പോകണം? ഏത് അഴിമതി പുറത്തുവന്നാലും തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്ന് കുറ്റക്കാർക്കും ഇടനിലക്കാർക്കും അറിയാം, ഖാർഗെ പറഞ്ഞു.
അതേസമയം 'ഹർ ഘർ തിരംഗ' പ്രചാരണത്തിലൂടെ ബിജെപി രാജ്യസ്‌നേഹം കച്ചവടത്തിനായി ഉപയോഗിക്കുകയാണെന്നും ഖാർഗെ പറഞ്ഞു. പോളിസ്റ്റർ പതാകകൾ ഉപയോഗിക്കുന്നതിനായി അവർ ഫ്‌ളാഗ് കോഡ് ഭേദഗതി ചെയ്‌തു. അതിന്‍റെ ഏറ്റവും വലിയ ഗുണഭോക്താവ് റിലയൻസ് കമ്പനിയാണ്. കാരണം അവരെയാണ് പതാക വിൽപ്പനക്കാരായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്, ഖാർഗെ കൂട്ടിച്ചേർത്തു.