ന്യൂഡൽഹി: ബിജെപി നേതാക്കൾ വ്യാജമായ ടൂൾകിറ്റ് സൃഷ്‌ടിക്കാൻ ശ്രമിക്കുന്നെന്ന് കോൺഗ്രസ്. ബിജെപിയുടെ വ്യാജ ടൂൾകിറ്റ് മറയ്ക്കാനുള്ള ശ്രമങ്ങൾ ഡൽഹി പൊലീസ് തുറന്നുകാട്ടിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. "സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തെ കൊലപ്പെടുത്താനാണ്" ബിജെപി ശ്രമിക്കുന്നത്. കുറ്റവാളികൾ ബിജെപി ആസ്ഥാനത്തും അധികാരസ്ഥാനത്തും ഇരിക്കുന്നത് എന്തുകൊണ്ടാണെന്നും സുർജേവാല ചോദിച്ചു. ഡൽഹിയിലും ഗുഡ്‌ഗാവിലും ട്വിറ്റർ ഓഫീസിൽ നടന്ന റെയ്‌ഡ് ബിജെപി അതിന്‍റെ നുണകളെ ഭയന്ന് ഓടുന്നതിന്‍റെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൃത്രിമം കാണിക്കുന്നതിന്‍റെയും തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
Also Read: ടൂൾകിറ്റ് കേസ് : ട്വിറ്റര്‍ ഓഫിസുകളിൽ പരിശോധന നടത്തി ഡൽഹി പൊലീസ്
ടൂൾകിറ്റ് കേസിൽ ട്വിറ്റർ ഇന്ത്യയുടെ ഓഫിസുകളിൽ ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം പരിശോധ നടത്തിയിരുന്നു. കൊവിഡ് ടൂൾകിറ്റിനെക്കുറിച്ചുളള അന്വേഷണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ ട്വിറ്റർ ഇന്ത്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു. കൊവിഡ് പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്ന ഒരു ടൂൾകിറ്റ് കോൺഗ്രസ് സൃഷ്ടിച്ചുവെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ആരോപണത്തെ കോൺഗ്രസ് നിഷേധിക്കുകയും ബിജെപി വ്യാജ ടൂൾകിറ്റ് പ്രചരിപ്പിക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്തു.