ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര മന്ത്രിസഭയിലെ വനിത മന്ത്രിമാരുടെ നിശബ്‌ദതയെ ചോദ്യം ചെയ്‌ത് കോൺഗ്രസ്.
അൽക്ക ലംബാ, സുപ്രിയ ഷിരാന്‍റെ, രാഗിണി നായക്, അമൃത ധവാൻ തുടങ്ങിയ കോൺഗ്രസിന്‍റെ വനിത നേതാക്കളാണ് വനിത കേന്ദ്ര മന്ത്രിമാരുടെ മൗനം ചോദ്യം ചെയ്‌ത് രംഗത്തെത്തിയത്.
വനിത കേന്ദ്ര മന്ത്രിമാർക്കെതിരെ വിമർശനം
വിഷയത്തിൽ രാജ്യസഭയിൽ കോൺഗ്രസ് നോട്ടിസ് നൽകിയെന്നും എന്നാൽ ചർച്ചക്ക് അവസരം ലഭിച്ചില്ലെന്നും ലാംബ പറഞ്ഞു. ഡൽഹിയിലെ ഹാട്ടിൽ നിന്ന് വനിത കേന്ദ്ര മന്ത്രിമാർ സാരികൾ വാങ്ങാനുള്ള തിരക്കിലായിരുന്നുവെന്നും അവര്‍ പരിഹസിച്ചു.
ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി വിഷയത്തിൽ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് ഷിരാന്‍റെ ചോദിച്ചു.
'ബലാത്സംഗമല്ല മറിച്ച് ട്വീറ്റാണ് പ്രശ്‌നം'
കോൺഗ്രസിന്‍റെ ശബ്‌ദം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എന്നാൽ ബിജെപിക്ക് ഇതിന് സാധിക്കില്ലെന്നും കോൺഗ്രസ് പറഞ്ഞു. ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോകൾ പങ്കുവച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്‌തിരുന്നു.
ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതല്ല ഇവിടത്തെ പ്രശ്‌നമെന്നും പക്ഷേ ട്വീറ്റ് ആണെന്നും രാഗിണി നായക് പറഞ്ഞു. ബുധനാഴ്‌ച പെൺകുഞ്ഞിന്‍റെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു.
READ MORE: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താത്‌കാലികമായി മരവിപ്പിച്ചുവെന്ന് കോൺഗ്രസ്; നിഷേധിച്ച് ട്വിറ്റർ
രാഹുൽ ഗാന്ധി പെൺകുഞ്ഞിന്‍റെ കുടുംബത്തിന്‍റെ ഫോട്ടോ പങ്കുവച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പെൺകുഞ്ഞിന്‍റെ സ്വത്വം വെളിപ്പെടുത്തുന്ന നടപടി നിയമവിരുദ്ധമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.
നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് നൽകിയ പരാതിയെ തുടർന്ന് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.