ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനുണ്ടായ തോൽവി ഗൗരവമായി കാണണമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. തിരുത്തലുകൾ വേണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതിലും ചർച്ചയുണ്ടാകുമെന്നും സോണിയ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവര്‍. കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെക്കുറിച്ച് കൃത്യമായി വിശദീകരിക്കണം. തിരിച്ചടികളില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് സംഘടനയെ വീണ്ടും ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നും സോണിയ ആവശ്യപ്പെട്ടു.
Also Read: ഇന്ത്യ രാഷ്ട്രീയത്തില്‍ മുങ്ങി; നരേന്ദ്ര മോദി പരാജയമെന്ന് സോണിയ ഗാന്ധി
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന പോരാട്ടങ്ങളില്‍ മിക്കയിടത്തും കോൺഗ്രസിന് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. തമിഴ്‌നാട്ടിൽ വിജയിക്കാൻ സാധിച്ചെങ്കിലും സഖ്യകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴഗത്തിന്‍റെ (ഡിഎംകെ) പിന്തുണയോടെയായിരുന്നു അത്. 2019ല്‍ അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ പരാജയമുണ്ടായി. കഴിഞ്ഞ വർഷം നടന്ന ഡല്‍ഹി, ബിഹാർ തെരഞ്ഞെടുപ്പുകളിലും പാർട്ടി ദയനീയമായി പരാജയപ്പെട്ടു. ഝാർഖണ്ഡില്‍ മാത്രമാണ് സഖ്യകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയ്‌ക്കൊപ്പം (ജെഎംഎം) ചേര്‍ന്ന് വിജയിക്കാനായത്.
Also Read: കൊവിഡ്; സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് സോണിയ ഗാന്ധി
ഇടതുപാര്‍ട്ടികളുമായി കൈകോര്‍ത്ത ബംഗാളിലും ഭരണപ്രതീക്ഷ നിലനിര്‍ത്തിയ കേരളത്തിലും കടുത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത്. ബംഗാളില്‍ 213 സീറ്റില്‍ തൃണമൂലും 73 സീറ്റില്‍ ബിജെപിയും വിജയം കൊയ്തപ്പോള്‍ കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞു. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാന്‍ പാര്‍ട്ടി ശക്തമായി പ്രവര്‍ത്തിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു.
അതേസമയം കൊവിഡ് മൂന്നാം തരംഗത്തില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. മോദി സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മുഖം തിരിക്കുകയാണന്നും, വാക്സിനേഷന്‍ പ്രക്രിയയുടെ പൂര്‍ണ ബാധ്യത സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും സോണിയ പറഞ്ഞു.