മംഗളൂരു: കമ്പള (പോത്തോട്ടം) മത്സരത്തില്‍ മിന്നും വേഗം കൊണ്ട് ശ്രദ്ധ നേടിയ കമ്പള ജോക്കി ശ്രീനിവാസ് ഗൗഡ ഉൾപ്പെടെ മൂന്ന് പേർ വ്യാജ രേഖ ചമച്ച് പണം തട്ടിയതായി പരാതി. സംഭാവനയുടെ പേരില്‍ വ്യാജ രേഖ സൃഷ്‌ടിച്ച് പൊതുജനങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച് ദക്ഷിണ കന്നഡ കമ്പള കമ്മിറ്റി അംഗവും എരുമകളുടെ ഉടമയുമായ ലോകേഷ് ഷെട്ടി എന്നയാളാണ് പരാതി നല്‍കിയത്. കമ്പളയിലെ വേഗത നിർണയിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
മൂഡ്‌ബിദ്രി പൊലീസ് സ്‌റ്റേഷനിലാണ് കേസ്. കമ്പള അക്കാദമിയിലെ ഗുണപാല്‍ കദംബ, മത്സരങ്ങളുടെ ഫലപ്രഖ്യാപനം നടത്തുന്ന സ്കൈ വീവ് ഓർഗനൈസേഷൻ ഉടമ രത്നാകർ എന്നിവരാണ് ആരോപണവിധേയരായ മറ്റ് രണ്ട് പേര്‍. ശ്രീനിവാസ് ഗൗഡയുടെ പേരില്‍ ഗുണപാൽ കദംബ വ്യാജരേഖകൾ ഉണ്ടാക്കിയെന്നാണ് ഷെട്ടി ഉന്നയിക്കുന്ന ആരോപണം.
മൂന്ന് പ്രതികളും ലക്ഷക്കണക്കിന് രൂപ സംഭാവനയായി കൈപ്പറ്റുകയും അവരുടെ അക്കൗണ്ടുകൾ കൃത്യമായി പരിപാലിക്കുകയും ചെയ്‌തിട്ടില്ല. മൂന്നാം പ്രതിയായ രത്‌നാകരാണ് മറ്റ് രണ്ടുപേരുടെയും സഹായിയായി പ്രവര്‍ത്തിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിക്കൊപ്പം വ്യാജരേഖകളുടെ പകര്‍പ്പുകളും ഷെട്ടി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി.
പ്രതികള്‍ പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവിനായി സൃഷ്‌ടിച്ച വ്യാജ രേഖകളുടെ പകര്‍പ്പുകള്‍ സംസ്ഥാന ആഭ്യന്തര മന്ത്രി, ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണർ, സിറ്റി പോലീസ് കമ്മിഷണർ എന്നിവര്‍ക്കും കൈമാറിയിട്ടുണ്ടെന്ന് ലോകേഷ് ഷെട്ടി പറഞ്ഞു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മൂഡ്ബിദ്രി പൊലീസ് ഇൻസ്‌പെക്‌ടർക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
2020 ഫെബ്രുവരി ഒന്നിന് ദക്ഷിണ കന്നഡയിലെ ഐയ്‌ക്കള ഗ്രാമത്തില്‍ നടന്ന കമ്പളയോട്ടത്തില്‍ ശ്രീനിവാസ് ഗൗഡ 9.55 മിനിറ്റിനുള്ളിൽ 100 മീറ്റർ ദൂരം പിന്നിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രണ്ട് പോത്തുകളുമായി 13.62 സെക്കന്‍ഡില്‍ ഗൗഡ 142.5 മീറ്റര്‍ ഓടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഗൗഡ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ നൂറ് മീറ്റര്‍ പിന്നിട്ടിരുന്നു എന്നുള്ള പ്രചാരണം ഉണ്ടായത്.