ന്യൂഡൽഹി: രാജ്യത്ത് എൽപിജി വിലയിൽ വൻ വർധനവ്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഞായറാഴ്‌ച (മെയ് 1) 102.50 രൂപ കൂട്ടിയതോടെ സിലിണ്ടർ വില 2,355.50 രൂപയായി. നേരത്തെ വില 2,253 രൂപയായിരുന്നു.
5 കിലോ എൽപിജി സിലിണ്ടറിന് ഇപ്പോൾ 655 രൂപയാണ് വില. നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപയും മാർച്ച് ഒന്നിന് 105 രൂപയും വർധിപ്പിച്ചിരുന്നു.
അതേസമയം, ഉജ്ജ്വല ദിവസ് ആഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവ ഉൾപ്പെടുന്ന എണ്ണ വിപണന കമ്പനികൾ രാജ്യത്തുടനീളം 5,000ലധികം എൽപിജി പഞ്ചായത്തുകൾ സംഘടിപ്പിക്കും.
എൽപിജിയുടെ സുരക്ഷിതവും സുസ്ഥിരവുമായ ഉപയോഗം എന്ന ലക്ഷ്യം പങ്കുവയ്ക്കുന്നതിന് പുറമേ, ഉപഭോക്തൃ അംഗത്വം പരമാവധിയാക്കാനുള്ള ശ്രമങ്ങളും നടത്തും. രാജ്യത്തെ എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യ എൽപിജി കണക്ഷൻ ലഭ്യമാക്കുന്ന മോദി സർക്കാരിന്‍റെ ജനകീയ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന.