ചെന്നൈ : സിനിമയിലെ സൂപ്പർ ഹീറോ 'റീൽ ഹീറോ' മാത്രം ആയി മാറരുതെന്ന ന്യായാധിപന്‍റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് നടന്‍ വിജയ്. താരത്തിന്‍റെ അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഠിനാധ്വാനത്തിലൂടെ ആഡംബര കാർ വാങ്ങിയതിനെ വിമർശിക്കുന്നത് ന്യായാധിപൻ ഒഴിവാക്കേണ്ടതായിരുന്നു.
സിനിമ വ്യവസായം ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നതാണ്. നികുതിവെട്ടിപ്പിന് ഉദ്ദേശമില്ലായിരുന്നുവെന്നും നടനുവേണ്ടി ഹാജരായ വിജയ് നാരായണ്‍ വാദിച്ചു. ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് ഇളയ ദളപതി വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തിരുന്നു.
Also Read: 'കശ്‌മീരില്‍ തീവ്രവാദം വർധിച്ചു, ജനങ്ങൾ ഭയാശങ്കയില്‍: ഗുലാം നബി ആസാദ്
ഹർജി പരിഗണിക്കവെ കോടതി നടനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സിനിമയിലെ സൂപ്പർ ഹീറോ 'റീൽ ഹീറോ' മാത്രം ആയി മാറരുതെന്നായിരുന്നു പരാമര്‍ശം. എന്നാൽ പിഴ ചുമത്തുകയും രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്‌ത ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം അധ്യക്ഷനായ സിംഗിൾ ബഞ്ച് വിധിയിലെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് താരം വീണ്ടും ഹർജി നല്‍കി.
ജസ്റ്റിസുമാരായ പുഷ്‌പ സത്യനാരായണ, മുഹമ്മദ് ഷഫീഖ് എന്നിവരുടെ സെഷനിൽ തിങ്കളാഴ്ച കേസ് പരിഗണനയ്ക്ക് വന്നു. താരത്തിന് വേണ്ടി കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ വിജയ് നാരായണ്‍ നേരത്തേവന്ന കോടതി വിധിയിൽ നടനെതിരെ കോടതി നടത്തിയ മോശം പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് വാദിച്ചു.
കേസ് രേഖകളിൽ വിജയ്‌യുടെ തൊഴിൽ പരാമർശിച്ചിട്ടില്ലെന്നും അതിനാൽ വിധിയിലും തൊഴിലിനെക്കുറിച്ച് പരാമർശം നടത്തേണ്ടതില്ലെന്നുമായിരുന്നു വാദം. തന്‍റെ കേസ് മാത്രമല്ല, ധനുഷിന്‍റെയും സൂര്യയുടെയും കേസിലും ജഡ്‌ജി ഇത്തരത്തിൽ പരസ്യമായി വിമർശനം ഉന്നയിച്ചെന്നും അവരുടെ തൊഴിലിനെ വിധിയിൽ ഉദ്ധരിച്ചെന്നും നടൻ വാദിച്ചു.
കോടതിയുടെ അഭിപ്രായങ്ങൾ താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും കുറ്റവാളികളായി ചിത്രീകരിക്കുന്നതുമാണെന്ന് വിജയ് പറഞ്ഞു. കേസിൽ പിഴയടക്കുന്നതിൽ പ്രശ്നമില്ലെന്നും ഒരു ലക്ഷമല്ല, രണ്ട് കോടി പോലും പിഴയടക്കാൻ തയ്യാറാണെന്നും എന്നാൽ തനിക്കെതിരായ മോശം പരാമർശം നീക്കം ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.