കോയമ്പത്തൂർ (തമിഴ്‌നാട്) : 120 അടി താഴ്‌ചയുള്ള കുളത്തിലേക്ക് കാർ മറിഞ്ഞ് മൂന്ന് കോളജ് വിദ്യാർഥികൾ മരിച്ചു. കോയമ്പത്തൂരിലെ തോണ്ടാമുത്തൂരിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. രവി (18), വി.ആദർശ് (18), നന്ദനൻ (18) എന്നിവരാണ് മരിച്ചത്.
റോഷൻ (18)ആണ് കാർ ഓടിച്ചിരുന്നത്. അമിത വേഗതയിലെത്തിയ കാർ തോണ്ടാമുത്തൂരിലുള്ള ഫാം ഹൗസിന്‍റെ ഗേറ്റ് തകർത്ത് കുളത്തില്‍ പതിക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങാനായ റോഷന്‍ രക്ഷപ്പെട്ടു. എന്നാൽ മറ്റ് മൂന്ന് പേരും മുങ്ങി മരിക്കുകയായിരുന്നു.
ഫയർ ആൻഡ് റെസ്‌ക്യു സർവീസ് ഉദ്യോഗസ്ഥർ ക്രെയിൻ ഉപയോഗിച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തു. കോയമ്പത്തൂർ-ശീരുവാണി മെയിൻ റോഡിലുള്ള ക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഓണാഘോഷത്തില്‍ പങ്കെടുത്ത് വടവള്ളിയിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.