തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളന വേദിയില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാജ്യത്താകെ ഒരു തെരഞ്ഞെടുപ്പ്, ഒരു പരീക്ഷ, ഒരു ഭാഷ, ഒരു മതം എന്ന സങ്കല്‍പ്പം മുന്നോട്ടു വച്ച് ഒറ്റ കക്ഷി എന്ന നിലയിലേക്കു മാറാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത് എന്ന് സ്റ്റാലിന്‍ പറഞ്ഞു. അനുദിനം സംസ്ഥാനത്തിന്‍റെ അധികാരം മുഴുവന്‍ കയ്യാളി മുഴുവന്‍ അധികാരങ്ങളും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ ഒറ്റപ്പെട്ട ശബ്‌ദമല്ല, സംസ്ഥാനങ്ങളുടെ കൂട്ടായ ശബ്‌ദമാണ് ഉയര്‍ന്നു വരേണ്ടത്. സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരെ നിലകൊള്ളണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പോലും പരമാധികാരം ഇന്ന് അപകടത്തിലാണ്. അതുകൊണ്ട് ഇത് വെറുതെ വര്‍ത്തമാനം പറയേണ്ട സമയല്ല, പ്രവര്‍ത്തിക്കേണ്ട സമയമാണ്.
ബിജെപിയുടെ ഏകാധിപത്യവും ഭിന്നിപ്പിക്കാനുള്ള നീക്കവും വിഭജനവും വിജയിക്കാന്‍ പോകുന്നില്ല. ബിജെപിയുടെ ഏകാധിപത്യം വിജയിക്കില്ലെന്ന് ഡല്‍ഹിയിലെ കര്‍ഷക സമരം തെളിയിച്ചു എന്നും സ്റ്റാലിന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്ന സെമിനാറില്‍ പ്രഭാഷണം നടത്തുന്നതിനെത്തിയ സ്റ്റാലിനെ നിറഞ്ഞ കൈയടികളോടെയാണ് പ്രതിനിധികള്‍ സ്വീകരിച്ചത്.
തന്‍റെ പേര് സ്റ്റാലിന്‍ എന്നായതു കൊണ്ടാണ് കേരളം തന്നെ ഇത്രയേറെ സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതെന്ന മലയാളത്തിലുള്ള സ്റ്റാലിന്‍റെ വാക്കുകളെയും കരഘോഷത്തോടെയാണ് സമ്മേളന പ്രതിനിധികള്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സെമിനാറില്‍ സംബന്ധിച്ചു.