കോയമ്പത്തൂര്‍: ശ്രീലങ്കയില്‍ 2019 ഈസ്റ്റർ ദിനത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഉൾപ്പെട്ട രണ്ടുപേരുമായി കേരളത്തില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസില്‍ പിടിയിലായ ഫിറോസ് ഇസ്‌മായില്‍. ഐഎസ് ഗ്രൂപ്പുമായി ബന്ധമുള്ള മുഹമ്മദ് അസ്ഹറുദ്ദീന്‍, റാഷിദ് അലി എന്നിവരെയാണ് കേരളത്തിലെ ജയിലിലെത്തി സന്ദര്‍ശിച്ചതെന്ന് ഫിറോസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇവരെ ഫിറോസ് സന്ദര്‍ശിച്ചതിനു പിന്നിലെ ഉദ്ദേശം കണ്ടെത്താന്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്‌ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് അഞ്ചു പ്രതികളെയും അവരുടെ വീടുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അതിനിടെ കോയമ്പത്തൂര്‍ ജില്ലയില്‍ നടത്തിയ വാഹന പരിശോധനയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറുകളും ബൈക്കുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഒക്‌ടോബർ 23ന് പുലർച്ചെയാണ് കോയമ്പത്തൂരിലെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്. കാറിൽ കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറുകളിൽ ഒരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിൻ എന്നയാൾ മരിച്ചിരുന്നു.
സ്‌ഫോടനത്തിന് പിന്നാലെ ജമേഷ മുബിന്‍റെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ പൊട്ടാസ്യം നൈട്രേറ്റ് ഉൾപ്പെടെ 75 കിലോ സ്‌ഫോടക വസ്‌തുക്കൾ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ ജമേഷ മുബിന്‍റെ ബന്ധു അടക്കം ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ശുപാര്‍ശയെ തുടര്‍ന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു.
Also Read: കോയമ്പത്തൂർ കാർ സ്ഫോടനം; എൻഐഎ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ