കോട്ട (രാജസ്ഥാൻ): ട്രെയിനിൽ വച്ച് യാത്രക്കാരന്‍റെ 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പണവും കവർന്ന് കോച്ച് അറ്റൻഡർമാർ. തേജസ് രാജധാനി എക്‌സ്‌പ്രസിൽ വച്ചാണ് സംഭവം. ഡൽഹി സ്വദേശിയായ ലോഹിത് രേഗറിന്‍റെ (32) 33.50 ലക്ഷം രൂപ വിലമതിക്കുന്ന 540 ഗ്രാം സ്വർണവും 36.50 ലക്ഷം രൂപയുമാണ് കോച്ച് അറ്റൻഡർമാർ തട്ടിയെടുത്തത് (Coach attendants robbed train passenger of 70 lakhs gold and cash Rajdhani train).
ഡൽഹിക്കും മുംബൈയ്‌ക്കുമിടയിൽ സർവീസ് നടത്തുന്ന തേജസ് രാജധാനി എക്‌സ്‌പ്രസിൽ ഡിസംബർ 12 നാണ് സംഭവം നടന്നതെന്ന് ലോഹിത് രേഗർ പരാതിയിൽ പറയുന്നു. വികാസ് സർദാനയുടെ സ്വർണാഭരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് ലോഹിത് രേഗർ. ജോലി ആവശ്യാർഥം ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് ട്രെയിൻ മാർഗം കോച്ച് നമ്പർ ബി 5യിൽ യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം.
ഇതിനിടെ ആർപിഎഫിന്‍റെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും പരിശോധനകൾ ചൂണ്ടിക്കാട്ടി ലോഹിത് രേഗറിനോട് ആഭരണങ്ങളും പണവും നൽകാൻ കോച്ച് അറ്റൻഡർമാർ ആവശ്യപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങളും മറ്റും പുതുക്കി പണിയുന്നതിനായാണ് പണവും സ്വർണവുമായി ലോഹിത് മുംബൈയിലേക്ക് യാത്ര തിരിച്ചത്.
രാജധാനി ട്രെയിനിൽ കയറുമ്പോൾ, തന്‍റെ കോച്ചും B6 കോച്ചും പരിചരിക്കുകയായിരുന്ന രണ്ട് കോച്ച് അറ്റൻഡന്‍റുമാരെ ബന്ധപ്പെട്ടിരുന്നെന്ന് ലോഹിത് രേഗർ പറയുന്നു. ടിക്കറ്റ് സ്ഥിരീകരിക്കാത്തതിനാൽ അദ്ദേഹം ബി 5 ലെ കോച്ച് അറ്റൻഡന്‍റുമായി സീറ്റ് പങ്കിടുകയായിരുന്നു. ഇതിനിടെ ഡ്യൂട്ടിയിലുള്ള ടിക്കറ്റ് ഇൻസ്‌പെക്‌ടർ ലോഹിത്തിന് 5,300 രൂപ പിഴ ചുമത്തുകയും യാത്ര തുടരാൻ അനുവദിക്കുകയും ചെയ്‌തു.
തുടർന്ന് രാത്രി 9.30 ഓടെ ലോഹിത്തിന്‍റെ കൂടെയുണ്ടായിരുന്ന B5, B6 എന്നീ കോച്ച് അറ്റൻഡർമാർ ട്രെയിനിൽ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധന നടത്തുന്നുണ്ടെന്നും സ്വർണവും പണവും പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. ഇത് കേട്ട ലോഹിത് പണവും ആഭരണങ്ങളും അറ്റൻഡർമാർക്ക് കൈമാറി. സെക്യൂരിറ്റി ചെക്കിംഗ് കഴിയുന്നതുവരെ പണവും ആഭരണങ്ങളും സൂക്ഷിക്കാമെന്നും ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ തിരികെ നൽകാമെന്നും ഇവർ ലോഹിത്തിന് വാക്ക് നൽകിയിരുന്നു.
എന്നാൽ ഇതിന് പിന്നാലെ ഇരുവരും അപ്രത്യക്ഷരാവുകയായിരുന്നു. ട്രെയിനിലുടനീളം ഇവരെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഉടൻ സംഭവം ഉടമയെ അറിയിച്ച ലോഹിതിനോട് മുംബൈയിലേക്കുള്ള യാത്ര തുടരാനും അവിടെ നിന്ന് 'കാണാതായ' കോച്ച് അറ്റൻഡന്‍റുമാരുടെ വിവരങ്ങൾ അറിഞ്ഞ് കൈമാറാനുമാണ് തൊഴിലുടമ ആവശ്യപ്പെട്ടത്.
മോതിരങ്ങൾ, കമ്മലുകൾ, പെൻഡൽ സെറ്റ്, മംഗളസൂത്രം, ടിക്ക എന്നിവയുൾപ്പടെ 540 ഗ്രാം സ്വർണമാണ് ലോഹിതിന്‍റെ പക്കൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോച്ച് അറ്റൻഡർമാരുടെ ഐഡന്‍റിറ്റി കണ്ടെത്തിയുട്ടുണ്ടെന്നും വസ്‌തുതകൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. വികാസ് സർദാനയാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്. ഡിസംബർ 14 നാണ് വികാസ് സർദാന മോഷണത്തെക്കുറിച്ച് പരാതിപ്പെട്ടതെന്ന് ജിആർപി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
READ ALSO: ജോസ് ആലൂക്കാസിൽ നിന്ന് സ്വർണം കവർന്ന കേസ്; ശബരിമലയിലേക്കുള്ള യാത്രാമധ്യേ മുഖ്യപ്രതി പിടിയിൽ